സൗദിയിൽ വിവിധ നിയമങ്ങൾ ലംഘിച്ച 18,538 പേരെ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്തു. ജനുവരി 4 മുതൽ ജനുവരി 10 വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ കണ്ടെത്തിയത്.
റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും അനധികൃത തൊഴിലാളികളായി രാജ്യത്ത് പ്രവേശിച്ചതിനും രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനുമാണ് 18,538 പേർ അറസ്റ്റിലായത്. ഇതിൽ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിന് 11,047 പേരെയും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 3,192 പേരെയും അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4,299 പേരെയുമാണ് അറസ്റ്റ് ചെയ്തത്.
നിയമലംഘകരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം കർശന പരിശോധനകളാണ് നടത്തിവരികയാണ്. ഇത്തരം ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് അധികൃതരെ അറിയിക്കുന്നതിനായി മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റ് മേഖലകളിൽ നിന്നും 999 എന്ന നമ്പറിലും ബന്ധപ്പെടാൻ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.