എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച സ്വകാര്യ കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ച് അധികൃതർ. 2022-ന്റെ പകുതി മുതൽ 2024 സെപ്റ്റംബർ 17 വരെ നിയമവിരുദ്ധമായി പൗരന്മാരെ നിയമിച്ചുകൊണ്ട് എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെയാണ് ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) കണ്ടെത്തിയത്.
ഈ കമ്പനികൾ 2,784 പൗരന്മാരെ നിയമിച്ചതായി രേഖയുണ്ടാക്കി നിയമങ്ങൾ ലംഘിച്ചതായി തെളിയിക്കപ്പെടുകയും ചെയ്തു. തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ അധികൃതർ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുകയും അവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. നിയമലംഘകരെ മന്ത്രാലയത്തിന്റെ സിസ്റ്റങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേയ്ക്ക് തരംതാഴ്ത്തുകയും ചെയ്തു.
എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 20,000 ദിർഹം മുതൽ 5,00,000 ദിർഹം വരെയാണ് പിഴ ചുമത്തുക. അതോടൊപ്പം യഥാർത്ഥ എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനൊപ്പം ആവശ്യമായ സാമ്പത്തിക സംഭാവന നൽകാനും കമ്പനികളോട് ആവശ്യപ്പെടും. മാത്രമല്ല എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിക്കുന്ന വ്യക്തികൾക്ക് അവരുടെ നാഫിസ് ആനുകൂല്യങ്ങളും മറ്റ് മുൻകാല സാമ്പത്തിക ആനുകൂല്യങ്ങളും നിർത്തലാക്കും.
എമിറേറ്റൈസേഷൻ നിയമങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 600590000 എന്ന നമ്പറിലോ മന്ത്രാലയത്തിൻ്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ വെബ്‌സൈറ്റ് വഴിയോ കോൾ സെൻ്ററുമായി ബന്ധപ്പെട്ടോ പൊതുജനങ്ങൾക്ക് അധികൃതരെ വിവരം അറിയിക്കാമെന്ന് മന്ത്രാലയം നിർദേശിച്ചു.