ഹജ്ജ് സീസണിൽ പ്രാർത്ഥനകൾക്കായി എത്തുന്ന ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകാൻ 177 കമ്പനികൾ ഒരുങ്ങി. ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകാൻ ഇത്രയും കമ്പനികൾക്ക് അനുമതി ലഭിച്ചതായി ആഭ്യന്തര തീർഥാടക സേവന സ്ഥാപന ഏകോപന കൗൺസിൽ മേധാവി ഡോ. സാഇദ് അൽജുഹാനി അറിയിച്ചു. ഹജ്ജ് വ്യവസ്ഥകൾ പാലിക്കുന്ന പൗരന്മാർക്കും താമസക്കാർക്കും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ‘നുസ്ക്’ ആപ്ലിക്കേഷൻ വഴിയോ സേവനത്തിനായി രജിസ്റ്റർ ചെയ്യാം.
അതേസമയം വ്യാജ ഹജ്ജ് സർവിസ് സ്ഥാപനങ്ങളെ കരുതിയിരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹജ്ജ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇവർ ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ വ്യാജ പ്രചാരണങ്ങളിലൂടെ വ്യാമോഹിപ്പിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു. പണപ്പിരിവും വഞ്ചനയുമാണ് ഇവരുടെ ലക്ഷ്യം. ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത് നിയമലംഘനമാണ്. പെർമിറ്റുകളില്ലാതെ തീർഥാടകരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുവരാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ഇത് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമായി കണക്കാക്കുന്നുവെന്നും അൽജുഹാനി കൂട്ടിച്ചേർത്തു.