നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന് മഴ നനയാതെ വിമാനം കയറാനുള്ള സൗകര്യം ഒരുക്കാത്തതിന് ‘സിയാൽ’ 16000 രൂപ നഷ്ട പരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് നഷ്ട പരിഹാരം നൽകണമെന്ന് വിമാനത്താവളം അധികൃതരോട് ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശിയായ കുമാർ സമർപ്പിച്ച പരാതിയിൽ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡിബി ബിനു, മെമ്പർമാരായ വി. രാമചന്ദ്രൻ, ശ്രീവിദ്യ ടിജിഎൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് നഷ്ട പരിഹാരം നൽകാൻ ആവശ്യപ്പെട്ടത്.
എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിനായി എയർപോർട്ടിൽ എത്തിയപ്പോഴാണ് കുമാറിന് ഈ ദുരനുഭവം ഉണ്ടായത്. മഴകൊണ്ട് പൂർണ്ണമായും നനഞ്ഞ വസ്ത്രവുമായി ഡൽഹി വരെ യാത്ര ചെയ്യേണ്ടി വന്നു. കൂടാതെ പനി ബാധിച്ച് മൂന്ന് ദിവസം ആശുപത്രിയിലും കിടക്കേണ്ടി വന്നു. അതേസമയം കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ച് വിട്ടതും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കുറവും മൂലം പരാതിക്കാരന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നും പരാതിയിൽ പറയുന്നു.
അതേസമയം വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ പോലും ഉപഭോക്താക്കളുടെ അവകാശ സംരക്ഷണത്തിൽ ഉത്തരവാദിത്തമില്ലാത്ത രീതിയിലുള്ള നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത്. മറ്റൊരിടത്തും ഉന്നയിക്കാൻ കഴിയാത്ത പരാതികൾ ഉണ്ടാവുമ്പോഴാണ് സാധാരണക്കാർ ഉപഭോക്തൃ കോടതികളിൽ പരാതിയുമായി എത്തുക. ഇത് നിശബ്ദരായി നോക്കി നിൽക്കാനാവില്ലെന്ന് വിധിന്യായത്തിൽ കോടതി വിലയിരുത്തി. കൂടാതെ പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മനോവിഷമത്തിനും 8,000 രൂപ നഷ്ട പരിഹാരവും 8,000 രൂപ കോടതി ചെലവും ‘സിയാൽ’ ഒരു മാസത്തിനകം നൽകണമെന്നും ഉപഭോക്തൃ കോടതി നിർദേശിച്ചു.