എയർ ഇന്ത്യ യാത്രയ്ക്കിടെ മലയാളിയായ മെന്റലിസ്റ്റ് കലാകാരന്റെ 12 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന ലഗേജ് കാണാതായി. മെന്റലിസ്റ്റ് ഫാസിൽ ബഷീറിന്റെ ലഗേജാണ് നഷ്ടപ്പെട്ടത്. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യയുടെ എ ഐ 933 വിമാനത്തിലെ യാത്രയിലാണ് ലഗേജ് നഷ്ടമായത്. ഇന്ന് അജ്മാനിൽ പരിപാടി അവതരിപ്പിക്കാനുള്ള ഉപകരണങ്ങൾ അടക്കം നിരവധി വസ്തുക്കൾ ഇതിലുണ്ടായിരുന്നു. സാധാരണയിൽ കൂടുതൽ വലിപ്പമുള്ള ലഗേജിൽ പ്രത്യേകം അയച്ച ഈ വസ്തുക്കൾ എവിടെയാണെന്ന് കണ്ടെത്താൻ ഇപ്പോഴും എയർ ഇന്ത്യ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫാസിൽ ബഷീർ പറഞ്ഞു.
ലഗേജ് അല്‍പ്പം വലിപ്പമുള്ളതില്‍ പ്രത്യേക ഒഒജി വഴിയായിരുന്നു അയച്ചത്. ഇതിന്റെ സ്ലിപ്പ് ഫാസിലിന് അധികൃതര്‍ കൈമാറുകയും ചെയ്തിരുന്നു. എന്നാൽ ഉച്ചയ്ക്ക് ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങി ലഗേജ് എടുക്കാന്‍ പോയപ്പോഴാണ് ലഗേജ് എയർപോർട്ടിൽ എത്തിയില്ല എന്ന് അറിഞ്ഞത്.
അതേസമയം ലഗേജ് അയച്ചിട്ടുണ്ടെന്നാണ് കൊച്ചിയിലെ ഓഫീസ് അധികൃതർ ഫാസിലിനെ അറിയിച്ചിരുന്നു. എന്നാൽ ദുബായില്‍ എത്തിയില്ലെന്ന് അവിടെയുള്ള ജീവനക്കാരും പറഞ്ഞു. ഇതോടെ ഫാസില്‍ ശരിക്കും ബുദ്ധിമുട്ടി. തുടർന്ന് മണിക്കൂറുകളോളം വിമാനത്താവളത്തില്‍ പരിശോധന നടത്തിയിട്ടും രക്ഷയുണ്ടായില്ല. ലക്ഷങ്ങളുടെ വസ്തുക്കള്‍ നഷ്ടമായതിന് പുറമെ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും മുടങ്ങുകയും ചെയ്തു.