കള്ളക്കടത്ത് നടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരിൽ 113 പേരും പിടിയിൽ. മസ്കത്തിൽ നിന്ന് ചെന്നൈയിലെത്തിയ ഒമാൻ എയർ വിമാനത്തിലെ യാത്രക്കാരിൽ നിന്നാണ് ഭൂരിഭാഗം പേരെയും കസ്റ്റംസ് കള്ളക്കടത്തിന് പിടികൂടിയത്. 14 കോടിയോളം രൂപയുടെ ഉല്പന്നങ്ങളാണ് യാത്രക്കാരിൽ നിന്നും കണ്ടെത്തിയത്. 13 കിലോ സ്വർണം, 120 ഐഫോണുകൾ, 84 ആൻഡ്രോയിഡ് ഫോണുകൾ, വിദേശ സിഗരറ്റുകൾ, ലാപ്ടോപ് എന്നിവയാണ് കസ്റ്റംസ് പിടികൂടിയത്.
വലിയ തോതിൽ സ്വർണവും ഗാഡ്ജെറ്റുകളും കുങ്കുമപ്പൂവും കടത്തുന്നുവെന്ന രഹസ്യ വിവരത്തേത്തുടർന്നാണ് ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധന നടത്തിയത്. വിലയേറിയ ഉല്പന്നങ്ങൾ കടത്താൻ ഒരാൾ യാത്രക്കാരെ ഉപയോഗിച്ചതായാണ് കസ്റ്റംസ് വ്യക്തമാക്കിയത്. വിമാനത്തിൽ വെച്ചാണ് സഹയാത്രികൻ ഉല്പന്നങ്ങൾ നൽകിയതെന്നാണ് പിടിയിലായ ഒരാൾ നൽകിയിരിക്കുന്ന മൊഴി. കമ്മീഷനും ചോക്കലേറ്റും മറ്റ് സാധനങ്ങളുമാണ് പ്രതിഫലമായി വാഗ്ധാനം ചെയ്തിരിക്കുന്നും യാത്രക്കാരൻ വ്യക്തമാക്കി. പ്രതികൾക്കെതിരെ കേസ് എടുത്തശേഷം ജാമ്യത്തിൽ വിട്ടയച്ചു.