മണലാരണ്യങ്ങൾ നിറഞ്ഞ ഒരു ദേശത്തെ വികസനത്തിലും കാരുണ്യ പ്രവര്‍ത്തനങ്ങളിലും ലോകത്തിന്റെ മാതൃകയാക്കി മാറ്റിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി അധികാരത്തില്‍ പ്രവേശിച്ചിട്ട് ഇന്ന് 10 വര്‍ഷം. 2013 ജൂണ്‍ 25ന് 33-ാമത്തെ വയസ്സില്‍ ഖത്തറിന്റെ എട്ടാമത്തെയും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരിയായും അമീര്‍ ശൈഖ് തമീം അധികാരത്തില്‍ പ്രവേശിച്ചത്. ഖത്തറിന്റെ അമീര്‍ എന്നതിനപ്പുറം മികച്ച ഭരണം കാഴ്ച്ചവയ്ക്കുന്ന ജനകീയ നേതാവാണ് ശൈഖ് തമീം.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഖത്തറിന്റെ ശ്രദ്ധേയനായ ഭരണാധികാരി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങള്‍ക്കിടയിലെ പ്രായം കുറഞ്ഞ നേതാവ്, മികച്ച നേതൃപാടവം, നയതന്ത്ര വിദഗ്ധന്‍, ലോകരാജ്യങ്ങള്‍ക്കിടയിലെ സമുന്നതനായ നേതാവ്, നിരാലംബരുടെ രക്ഷകന്‍, സഹജീവികളോടു കരുണയുള്ളവന്‍, സഹൃദയന്‍, വിശ്വസ്തന്‍, നിലപാടുകളുടെ രാജകുമാരന്‍, ഇസ്ലാമിക പാരമ്പര്യ മൂല്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഭരണാധികാരി എന്നിങ്ങനെ 10 വര്‍ഷത്തിനിടെ ശൈഖ് തമീം സ്വന്തമാക്കിയ വിശേഷണങ്ങള്‍ നിരവധിയാണ്.
ഐക്യരാഷ്ട്ര സഭയുടെ (യുഎന്‍)സന്നദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയാണ് ഖത്തര്‍. കൂടാതെ യുഎന്നുമായുള്ള സഹകരണത്തിന് കരുത്തേകാന്‍ മേഖലയിലെ ആദ്യത്തെ യുഎന്‍ ഹൗസ് ദോഹയില്‍ തുറന്നതും ശൈഖ് തമീമിന്റെ മാർഗ നിർദേശത്തിലാണ്. സിറിയ, പലസ്തീന്‍, അഫ്ഗാൻ, യമന്‍, ലബനന്‍, സുഡാന്‍ എന്നീ വിവിധ രാജ്യങ്ങളിലെ ജനത യുദ്ധക്കെടുതിയിലും മറ്റും പ്രയാസപ്പെടുന്ന സമയത്ത് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിലും ഖത്തർ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലും ഖത്തറിനെ മുന്‍നിരയില്‍ എത്തിച്ചത് അദ്ദേഹമാണ്.
അപ്രതീക്ഷിത അപകടങ്ങൾ ഉണ്ടാകുമ്പോൾ പ്രതിസന്ധിയിൽ അകപ്പെടുന്ന രാജ്യങ്ങള്‍ക്ക് അടിയന്തരിമായി സഹായം എത്തിക്കുന്നതിലും അമീറിന്റെ കരുതലും സഹജീവികളോടുള്ള സ്നേഹവും രാജ്യാന്തര സമൂഹത്തിന്റെ ആദരവ് നേടിയിരുന്നു. കൂടാതെ കോവിഡിനെ പ്രതിരോധിക്കാൻ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് നല്‍കിയ സഹായങ്ങളും പിന്തുണയും ലോകശ്രദ്ധ നേടി. ഒരു ഭരണാധികാരി എന്നതിനപ്പുറം സഹാനുഭൂതിയും സഹജീവി സ്നേഹത്തിന്റെയും മികച്ച ഉദാഹരണം കൂടിയാണ് അദ്ദേഹം.
അതേസമയം അയൽ രാജ്യങ്ങളുമായും ലോക രാജ്യങ്ങളുമായും പാശ്ചാത്യ നാടുകളുമായുമെല്ലാം ദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവാണ്. നയതന്ത്രബന്ധം പുലര്‍ത്തുന്നതിനുമപ്പുറം അമീറിന്റെ കരുതലും സഹൃദയത്വവും ഇതിനോടകം രാജ്യാന്തര സമൂഹത്തിന്റെ പ്രീതി നേടി കഴിഞ്ഞു. മേഖലയുടെ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതില്‍ നടത്തുന്ന മധ്യസ്ഥ നടപടികളിലും അദ്ദേഹം വിജയിച്ചിട്ടുണ്ട്. രാജ്യാന്തര വേദികളിലെ ഖത്തറിന്റെ സാന്നിധ്യം ശക്തമാക്കുന്നതിലും അദ്ദേഹം ശ്രദ്ധ ചെലുത്തി.
വിമര്‍ശനങ്ങളെയും വെല്ലുവിളികളെയും വിവേക പൂര്‍വം നേരിടുകയും മധ്യപൂര്‍വദേശത്തെയും അറബ് ലോകത്തിലെയും പ്രഥമ ഫിഫ ലോകകപ്പിന് വിജയകരമായ ആതിഥേയത്വം ഒരുക്കി എക്കാലത്തെയും അവിസ്മരണീയമായ ടൂര്‍ണമെന്റ് ലോകത്തിന് സമ്മാനിക്കുകയും ചെയ്ത് ലോകത്തിന്റെ നെറുകയിലേക്ക് ഖത്തർ എന്ന കൊച്ചുരാജ്യത്തെ ഉയര്‍ത്താന്‍ കഴിഞ്ഞതും ശൈഖ് തമീമിന്റെ ഭരണ മികവാണ്. അതേസമയം ഫിഫ ലോകകപ്പിന് പിന്നാലെ ഫോര്‍മുല വണ്‍, എഎഫ്‌സി ഏഷ്യന്‍ കപ്പ്, ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ള വന്‍കിട കായിക ടൂര്‍ണമെന്റുകള്‍ക്ക് ആതിഥെയത്വം വഹിക്കുന്നതിലൂടെ ലോക കായിക ഭൂപടത്തില്‍ ഖത്തറിന്റെ സ്ഥാനം വീണ്ടും മുന്‍നിരയിലേക്ക് ഉയർത്തുന്നതിനും ശൈഖ് തമീം പ്രാധാന പങ്ക് വഹിക്കുന്നു.
പൗരന്മാര്‍ക്കൊപ്പം പ്രവാസികളെയും ചേര്‍ത്തു പിടിക്കുന്ന ഏറ്റവുംമികച്ച ഭരണാധികാരിയെന്ന ബഹുമതിയും ഖത്തർ അമീറിന് സ്വന്തം. മാത്രമല്ല ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പോലും ഖത്തറിന്റെ പൗരന്മാര്‍ക്കൊപ്പം പ്രവാസികളും ഒറ്റക്കെട്ടായി രാജ്യത്തിനായി നിലകൊള്ളുന്നു എന്നത് അഭിമാനവും അഭിനന്ദനവും അര്‍ഹിക്കുന്നുവെന്ന് ഉറക്കെ പ്രഖ്യാപിച്ച നേതാവ് കൂടിയാണ് അദ്ദേഹം. ദേശം, മതം, രാഷ്ട്രീയം, ഭാഷ എന്നിങ്ങനെയുള്ള വിവേചനങ്ങൾ ഒന്നുമില്ലാതെ എല്ലാവരോടും കരുതലും സ്നേഹവും പ്രകടിപ്പിക്കുന്ന പ്രവാസികളും ഖത്തറിന്റെ യുവത്വത്തെ നെഞ്ചോടു ചേര്‍ക്കുന്നതിന്റെ കാരണവും ശൈഖ് തമീമിന്റെ ഈ ഭരണ മികവിന്റെ ഉദാഹരണങ്ങൾ മാത്രം.