വ്യാപാരം വർധിച്ചതോടെ ഇടപാടുകളിൽ 10 ശതമാനം വളർച്ച നേടി ദുബായ് കസ്റ്റംസ്. ഈ വർഷം ആദ്യപകുതിയിൽ 1.4 കോടി ഇടപാടുകൾ പൂർത്തീകരിച്ചതായി ദുബായ് കസ്റ്റംസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 1.27 കോടിയായിരുന്നു ഇടപാടുകൾ.
ഈ വർഷം ആദ്യ ആറുമാസത്തിൽ ദുബായിൽ രേഖപ്പെടുത്തിയത് 1.23കോടി കസ്റ്റംസ് ഡിക്ലറേഷനുകളാണ്. ഓരോ മിനിറ്റിലും 48 ഡിക്ലറേഷനുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിസിനസ് രജിസ്ട്രേഷൻ സേവന ഇടപാടുകൾ 1.43 ലക്ഷമാണ് രേഖപ്പെടുത്തിയത്. ആകെ ഇടപാടുകളുടെ ഏഴ് ശതമാനമാണിത്. ആഗോളതലത്തിൽ വ്യാപാര രംഗത്ത് ദുബായ് കൈവരിച്ച മുന്നേറ്റത്തെയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
99.5 ശതമാനം കസ്റ്റംസ് ഇടപാടുകളും ഡിജിറ്റൽ സംവിധാനങ്ങളിലൂടെയാണ് എമിറേറ്റിൽ നിലവിൽ നടക്കുന്നത്. അതുകൊണ്ടുതന്നെ ദുബായ് കസ്റ്റംസിന്റെ സ്മാർട്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവരുടെ സംതൃപ്തി നിരക്ക് 98 ശതമാനമാണെന്ന് റിപ്പോർട്ട് വന്നിരുന്നു. ആഗോളതലത്തിൽ നിയമവിരുദ്ധ വ്യാപാരം തടയുന്നതിന് വിവിധ രാജ്യങ്ങളുമായി സഹകരിക്കുന്നതിലും ദുബായ് കസ്റ്റംസ് മുന്നിൽ തന്നെയുണ്ട്.