ലോക സാമ്പത്തിക ഉച്ചകോടി സ്വിറ്റ്‌സർലൻഡിലെ റിസോർട്ട് നഗരമായ ദാവോസിൽ. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ 130 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. രാഷ്ട്രീയപ്രമുഖരും ഭരണാധികാരികളും സാമ്പത്തിക വിദഗ്ദ്ധരും വ്യവസായ പ്രമുഖരുമാണ് ദാവോസിലേക്ക് എത്തുക.
ഇന്ത്യൻ സംഘത്തെ കേന്ദ്ര വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി ന്യയിക്കും. കേന്ദ്ര ടെലികോം-ഐ.ടി. വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് , കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, ഊർജ മന്ത്രി ആർ.കെ. സിങ്, മഹാരാഷ്ട്ര ഏക്‌നാഥ് ഷിണ്ഡെ എന്നിവരും തമിഴ്നാട്, തെലങ്കാന മന്ത്രിമാരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരം അവാർഡ് ദാന ചടങ്ങോടെ ആരംഭിക്കുന്ന ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറം വാർഷിക യോഗത്തിലെ പരിപാടിയിൽ യു.എ.ഇ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ “ഭാവി രൂപകല്‌പന” എന്നതിനെ സംബന്ധിച്ചുളള നിര്‍ണായ ചര്‍ച്ച ബുധനാഴ്ച നടക്കും.
ബഹിരാകാശ പരിപാടി മുതൽ കാലാവസ്ഥാ-സ്മാർട്ട് സാങ്കേതികവിദ്യ വരെ വിവിധ വിഷയങ്ങളില്‍ യുഎഇ നിലപാട് അറിയിക്കും. സൗദി അറേബ്യയിൽ നിന്നുള്ള പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാനാണ് നയിക്കുന്നത്. യുഎസിലെ അംബാസഡർ റീമ ബിൻത് ബന്ദർ രാജകുമാരിയും ചടങ്ങിൽ പങ്കെടുക്കും.
കോവിഡ്, കാലാവസ്ഥ വ്യതിയാനം, ഭക്ഷ്യ ദൗർലഭ്യം, ഊർജ പ്രതിസന്ധി, യുക്രൈൻ സംഘർഷം, ബഹിരാകാശ സാധ്യതകൾ, ജിയോപൊളിറ്റിക്‌സ്, ഉൾപ്പെടെ ലോകം നേരിടുന്ന വിവിധ വിഷയങ്ങളെപ്പറ്റിയാണ് അഞ്ച് ദിവസങ്ങളിലായി ചര്‍ച്ചകൾ നടക്കുക.