കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ പെൺകുട്ടി മരിച്ചു. ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം. കാസർകോട് തലക്ലായിൽ അഞ്ജുശ്രീ പാർവ്വതിയാണ്ണ് മരിച്ചത്. അംബികയുടെയും പരേതനായ കുമാരൻ നായരുടെയും മകളാണ് അഞ്ജു. മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി ഹോട്ടലിൽ നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് ശാരീരിക അസ്വാസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു.പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവെയാണ് മരണം. ഭക്ഷണം കഴിച്ച മറ്റ് കുടുംബാംഗങ്ങൾക്കും അസ്വസ്ഥത പ്രകടമായിരുന്നു. കുടുംബം മേൽപ്പറമ്പ് പോലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർക്കാണ് നിർദേശം നൽകിയത്. ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഒരാഴ്ചക്കിടെ ഭക്ഷ്യ വിഷബാധയേറ്റുളള രണ്ടാമത്തെ മരണമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാല് ദിവസങ്ങൾക്ക് മുമ്പ് കോട്ടയത്ത് അല്‍ഫാം കഴിച്ച് വിഷബാധയേറ്റ നഴ്സ് മരണമടഞ്ഞിരുന്നു.