കോഴിക്കോട് എലത്തൂരില്‍ ആലപ്പി- കണ്ണൂർ എക്സപ്രസിന് തീയിട്ട യുവാവിൻ്റേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചുവന്ന ഷര്‍ട്ട് ഇട്ടയാളാണ് അക്രമം നടത്തിയതെന്നായിരുന്നു പ്രാഥമിക വിവരം. ഇത് സ്ഥിരീകരിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍.
യുവാവിൻ്റെ കൈവശം ബാഗും മൊബൈല്‍ ഫോണും ഉണ്ടെന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇയാൾ ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അല്‍പസമയത്തിനകം തന്നെ ഒരു ബൈക്ക് സ്ഥലത്തെത്തുകയും ബൈക്കില്‍ കയറി പോവുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങൾ.
പ്രതിക്കായി അന്വേഷണം ഊർജിതമാണ് നടക്കുന്നത്. നിർണായക സാക്ഷി റാസിക്കിന്‍റെ സഹായത്തോടെ പ്രതിയുടെ രേഖചിത്രം തയ്യാറാക്കാനാണ് പൊലീസ് നീക്കം. പ്രതി ഇതര സംസ്ഥാനത്തുളള ആളാണെന്നാണ് പ്രാഥമിക സൂചന.
അതേസമയം അക്രമത്തിൽ അടിമുടി ദുരൂഹത തുടരുകയാണ്. ആസൂത്രിത നീക്കമാണുണ്ടായതെന്നാണ് വിലയിരുത്തൽ. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന അന്വേഷണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും എൻ െഎ എയും രംഗത്തുണ്ട്. ഏലത്തൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കില്‍ നിന്ന് കണ്ടെത്തിയ ബാഗിൽ ഹിന്ദിയിലുളള പുസ്കകങ്ങളും രണ്ട് മൊബൈൽ ഫോണുകളുമുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് പരിശോധനകളും തുടരുകയാണ്.
ഇന്നലെ രാത്രി 9.11ന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ണൂരിലേക്കു പുറപ്പെട്ട ആലപ്പുഴ കണ്ണൂർ ട്രെയിനിലാണ് സംഭവം. സഹയാത്രക്കാരുടെ നേരെ പെട്രോൾ ഒഴിച്ച ശേഷം യുവാവ് തീ കൊളുത്തുകയായിരുന്നു. യാത്രക്കാർ മറ്റ് കോച്ചുകളിലേക്ക് ഓടിക്കയറി. തുടർന്ന് ഏലത്തൂർ കോരപ്പുഴ പാലത്തിന് സമീപം ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
തീപിടിത്തത്തിനു പിന്നാലെ റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സ്ത്രീയുടെയും കുഞ്ഞിനയും പുരുഷൻ്റേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സ്ത്രീയും കുഞ്ഞും കണ്ണൂർ മട്ടന്നൂർ സ്വദേശികളാണെന്നാണു സൂചന. മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് യാത്രക്കാർക്കാണ് പൊളളലേറ്റത്. റെയിൽവേ പൊലീസും അന്വേഷണം നടത്തുന്നുണ്ട്.