ആറ് പതിറ്റാണ്ടിലേറെയായി മലയാളി സ്നേഹിച്ച സ്വരമാധുര്യത്തിന് ഇന്ന് പിറന്നാൾ. ഗാനഗന്ധര്വന് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ മലയാളിയുടെ മനസ്സില്‍ തെളിഞ്ഞു വരുന്നത് സാക്ഷാല്‍ യേശുദാസിൻ്റെ മുഖമായിരിക്കും . ഗന്ധര്‍വനാദം ഭൂമിയിലെത്തിയിട്ട് 83 വര്‍ഷം തികയുന്നു.
1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന് ജോസഫ്, എലിസബത്ത് ദമ്പതികളുടെ മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, മറ്റെല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീതലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതരംഗത്തും ഈ അതുല്യഗായകന് തൻ്റെ സാന്നിദ്ധ്യം അറിയിച്ചു.
മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്കാരം ഏറ്റവും കൂടുതല്‍ തവണ (എട്ടു തവണ)നേടിയ യേശുദാസ് കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.
ഗായകരേറെ പിറന്നിട്ടും ആ സ്വരത്തില്‍ പ്രണയത്തിന്റെ ഊഷ്മളത നിറയുമ്പോള്‍ നമ്മളും പ്രണയിക്കാന്‍ കൊതിച്ചു .ആ ശബ്ദത്തിലൂടെ ഉയര്‍ന്ന താരാട്ട് നമ്മെ മെല്ലെയുറക്കി . വിരഹവും ദു:ഖവുമെല്ലാം ആ സ്വരമാധുരിയിലൂടെ നാം അനുഭവിച്ചറിഞ്ഞു . .കാലാതീതമായ തത്വചിന്തകള്‍ ആ ഗാനധാരയിലൂടെ പിറവികൊണ്ടപ്പോള്‍ അവാച്യമായ ശാന്തതയോടെ നാം അവയില്‍ അലിഞ്ഞു ചേര്‍ന്നു. ആ സ്വരത്തിന് എന്നും യുവത്വം തന്നെ . മലയാളിയുടെ അലങ്കാരവും അഹങ്കാരവുമാണ് യേശുദാസ്. ഘനഗാംഭീര്യമാര്‍ന്ന ആ സ്വരത്തിലൂടെ പിറവി കൊണ്ട ഗാനങ്ങള്‍ ഹൃദയത്തോടു ചേര്‍ത്തു വെച്ചുകൊണ്ട് , “ഗന്ധര്‍വ”നാദം ഇനിയും മുഴങ്ങട്ടെ എന്ന് പ്രാര്‍ത്ഥനകളോടെ ഒരായിരം പിറന്നാള്‍ ആശംസകള്‍ ! നന്ദി ജനിച്ചതിന്…