ഏഷ്യൻ ഗെയിംസിൽ റെക്കോഡ് സൃഷ്ടിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാൾ. നേപ്പാളിന് എതിരെയുള്ള മത്സരത്തിൽ 23 റൺസിന്റെ ജയത്തോടെയാണ് ഇന്ത്യ സെമിയിലേക്ക് പ്രവേശിച്ചത്. ഓപ്പണറായ യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. എന്നാൽ 48 പന്തിൽ 100 തികച്ച ജയ്സ്വാൾ തൊട്ടടുത്ത പന്തിൽ പുറത്തായി. ഇതിനിടെയാണ് ജയ്സ്വാൾ പുതിയ റെക്കോർഡ് കുറിച്ചത്.
അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിൽ സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന റെക്കോർഡാണ് ജയ്സ്വാൾ കുറിച്ചത്. ഇതോടെ ശുഭ്മൻ ഗില്ലിന്റെ റെക്കോർഡ് പഴങ്കഥയായി. 23 വയസ്സും 146 ദിവസവും പ്രായമുള്ളപ്പോഴാണ് ഗിൽ ഇന്ത്യയ്ക്കായി ആദ്യ സെഞ്ചറി നേടുന്നത്. ജയ്സ്വാളിന് ഇപ്പോൾ 19 വയസ്സും 8 മാസവും 13 ദിവസവുമാണ് പ്രായം.
ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിലാണ് ജയ്സ്വാൾ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. മാത്രമല്ല ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കാരൻ നേടുന്ന ആദ്യ സെഞ്ചറി കൂടിയാണിത്. താരത്തെ കൂടാതെ അവസാന ഓവറുകളിൽ മികച്ച ബാറ്റിങ്ങുമായി റിങ്കു സിങ് ഇന്ത്യൻ സ്കോർ 200 കടത്തി.
മറുപടി ബാറ്റിങ്ങിൽ 203 റൺസെന്ന വിജയലക്ഷ്യത്തിലേക്ക് എത്തിയ നേപ്പാളിന്റെ ഇന്നിങ്സ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 179 എന്ന നിലയിൽ അവസാനിച്ചു. നാല് ഓവറിൽ 24 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത രവി ബിഷ്ണോയാണ് ബോളിങ്ങിൽ തിളങ്ങിയത്. കൂടാതെ 15 പന്തിൽ 32 റൺസെടുത്ത ദിപേന്ദ്ര സിങ് അയ്‌രി നേപ്പാളിന്റെ ടോപ് സ്കോറർ ആയി മാറി.