ഈ വർഷം മലയാളികളെ തിയ്യറ്ററുകളിൽ രോമാഞ്ചം കൊള്ളിച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവത്തെ, അതിന്റെ ഭീകരതയെ അതേപടി പകർത്തിവച്ച ചിദംബരവും കഥാപാത്രങ്ങളെ ആവാഹിച്ചുകൊണ്ട് അഭിനയിച്ച നടന്മാരും ഗുണ കേവിനെ കൊടൈക്കനാനിൽ നിന്ന് കൊച്ചിയിലേക്ക് പറിച്ചു നട്ട ആർട്ട് ഡയറക്ടർ അജയൻ ചാലിശ്ശേരിയും ക്യാമറ കണ്ണുകളിൽ അമ്പരിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ഷൈജു ഖാലിദും ഉൾപ്പെടെ ചിത്രത്തിന്റെ മുഴുവൻ അണിയറ പ്രവർത്തകരും തിയ്യറ്ററുകൾക്ക് പുറത്തും കയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല തമിഴ്‌നാട്ടിലും ചിത്രം സൂപ്പർ ഹിറ്റാണ്. 100 കോടിയെന്ന വലിയ നേട്ടവും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി.
എന്നാലിപ്പോൾ മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ചുകൊണ്ട് വിവാദത്തിലായിരിക്കുകയാണ് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തെക്കുറിച്ച് എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമർശങ്ങളുള്ളത്. യഥാർത്ഥ കഥയായതുകൊണ്ട് തന്നെ ‘മഞ്ഞുമ്മൽ ബോയ്സ്’ തന്നെ അലോസരപ്പെടുത്തിയെന്നാണ് അദ്ദേഹം പറയുന്നത്. അത് മാത്രമല്ല, വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛർദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാർഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹൻ അഭിപ്രായപ്പെട്ടു.
ജയമോഹന്റെ കുറിപ്പിലെ പ്രസക്തമായ ഭാഗങ്ങൾ
തെന്നിന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്ന മലയാളികളുടെ യഥാർഥ മനോനില തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലുമുള്ളത്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമായിരിക്കും. മറ്റൊന്നിലും അവർക്ക് താൽപര്യമില്ല. സാമാന്യബോധമോ സാമൂഹികബോധമോ അവരെ തൊട്ടുതീണ്ടിയിട്ടില്ല. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികൾ പൊതുനിരത്തിൽ മോശമായി പെരുമാറുന്നത് ചുരുങ്ങിയത് പത്ത് തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്.
സിനിമയിലുള്ളതുപോലെ കുടിച്ചതിന് ശേഷം മദ്യക്കുപ്പികൾ റോഡിലെറിഞ്ഞ് പൊട്ടിക്കും. ഇത്തരം കാര്യങ്ങൾ അവർ അഭിമാനത്തോടെ സിനിമയിൽ കാണിക്കുകയും ചെയ്യുന്നു. ഓരോ വർഷവും കുറഞ്ഞത് ഇരുപത് ആനകളെങ്കിലും കാലിൽ കുപ്പിച്ചില്ല് തറച്ചുകയറി വൃണംവന്ന് ചരിയുന്നുണ്ട്. അതിനെ അപലപിച്ചാണ് ഞാൻ ആന ഡോക്ടർ എന്ന നോവലെഴുതിയത്. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ഇത് വായിച്ചിരിക്കാൻ സാധ്യതയില്ലെന്ന് തോന്നുന്നു. ഈ സിനിമയിൽ തമിഴ്‌നാട് പൊലീസ് അവരോട് പെരുമാറുന്ന രീതിയും യഥാർഥമാണ്-ജയമോഹൻ കുറിച്ചു
കേരളത്തിലെ വിവാഹങ്ങൾക്ക് പോവുക എന്നത് ഒരു പരീക്ഷണമാണ്. ഏത് കല്യാണത്തിനും മദ്യപർ പ്രശ്നമുണ്ടാക്കുന്നത് സാധാരണ കാഴ്ച്ചയും. രണ്ട് തരം മലയാളികളാണ് ഇവിടെ ഉള്ളത്. ഒന്ന് വിദേശത്ത് ചോര വിയർപ്പാക്കുന്നവർ. രണ്ട് നാട്ടിൽ അവരെ വിറ്റ് ജീവിക്കുന്ന മദ്യപാനികൾ. തമിഴ്നാടും ഇപ്പോൾ കേരളത്തിൻറെ പാതയിലേക്ക് സഞ്ചരിക്കുകയാണെന്ന് തോന്നുന്നു. മാത്രമല്ല, ലഹരി ആസക്തിയെ സാമാന്യവൽക്കരിക്കുന്നവരാണ് മലയാളികൾ. കേരളത്തിലെ ബീച്ചുകളിലേക്ക് ഏഴ് മണിക്ക് ശേഷം പോകരുതെന്ന് സ്ത്രീകളോട് മാത്രമല്ല, സാധാരണ മനുഷ്യരോടും പൊലീസ് പറയാറുണ്ട്.
മലയാള സിനിമയിൽ സാധാരണക്കാർ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇന്നത്തെ മലയാള സിനിമ നിയന്ത്രിക്കുന്നത് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിക്ക് അടിമകളായ ഒരു ചെറുകൂട്ടമാണ്. കിളി പോയി, ഒഴിവുദിവസത്തെ കളി, വെടിവഴിപാട്, ജല്ലിക്കട്ട് തുടങ്ങി ആസക്തിയെയും വ്യഭിചാരത്തെയും സാമാന്യവൽക്കരിക്കുന്ന സിനിമകൾ മുൻപും മലയാളത്തിൽ നിന്ന് ഉണ്ടായിട്ടുണ്ട്. കേരളത്തിൻറെ ക്ഷേമം കാംക്ഷിക്കുന്ന ഒരു സർക്കാർ അവിടെയുണ്ടെങ്കിൽ ഇത്തരം സംവിധായകർക്കെതിരെ നടപടി എടുക്കണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. അത്തരം സിനിമകൾ ആഘോഷിക്കുന്ന തമിഴ്നാട്ടുകാരെ ഞാൻ നികൃഷ്ടരായാണ് കാണുന്നത്.
സാധാരണക്കാരെ ആഘോഷിക്കുന്നുവെന്ന തരത്തിൽ ‘പെറുക്കികളെ’ സാമാന്യവൽക്കരിക്കുകയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമ ചെയ്യുന്നത്. അവരെ രക്തസാക്ഷികളായും സൗഹൃദത്തിൻറെ പതാകാവാഹകരായും ചിത്രീകരിക്കുന്നു. ക്രിമിനൽ ഗ്യാങ്ങുകൾക്കുള്ളിൽ പരിത്യാഗത്തിൻറേതായ ഒരു തലമുണ്ട്. സിനിമയുടെ അവസാനം അതിലൊരാൾക്ക് അവാർഡ് ലഭിച്ചുവെന്ന് പറയുന്നതായി കാണാം. ശരിക്കും അയാളെ ജയിലിലിടുകയാണ് വേണ്ടിയിരുന്നത്. സാധാരണക്കാരനെ രക്ഷിക്കുന്ന ഒരു തമിഴ് നായകനാണ് ഇന്നത്തെ മലയാള സിനിമയുടെ ഹീറോ.’’–ജയമോഹന്റെ വാക്കുകൾ നീളുന്നു.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ജനിച്ച ജയമോഹൻ മലയാളത്തിൽ നിരവധി പുസ്തകങ്ങൾ രചിക്കുകയും മൂന്ന് മലയാള സിനിമകളുടെ തിരക്കഥ രചിക്കുകയും ചെയ്തിട്ടുണ്ട്. ഒഴിമുറി, കാഞ്ചി, വൺ ബൈ റ്റു എന്നിവയാണ് ജയമോഹൻ തിരക്കഥയൊരുക്കിയ മലയാള സിനിമകൾ. മാത്രമല്ല, അങ്ങാടി തെരു, കടൽ, കാവ്യ തലൈവൻ, പൊന്നിയിൻ സെൽവൻ 1,2, നാൻ കടവുൾ, വിടുതലൈ-1 സർക്കാർ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും ജയമോഹൻ പ്രവർത്തിച്ചിട്ടുണ്ട്. നെടുംപാതയോരം, ഉറവിടങ്ങൾ, നൂറ് സിംഹാസനങ്ങൾ, ആന ഡോക്ടർ എന്നിവയാണ് അദ്ദേഹം മലയാളത്തിൽ എഴുതിയ കൃതികൾ. എന്തായാലും ജയമോഹന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിയൊരുക്കിയിരിക്കുകയാണിപ്പോൾ. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.