ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിങ്ങ്. പത്മശ്രീ പുരസ്കാരം തിരികെ നൽകാനൊരുങ്ങുകയാണ് അദ്ദേഹം. ‘തനിക്ക് ലഭിച്ച പത്മശ്രീ പുരസ്കാരം തന്റെ സഹോദരി സാക്ഷിയ്ക്കും രാജ്യത്തെ പെണ്‍മക്കള്‍ക്കുമായി തിരികെ നല്‍കും’ എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കി. കൂടാതെ സമാനമായ തീരുമാനമെടുക്കാന്‍ ഉന്നത കായിക താരങ്ങളോട് അഭ്യര്‍ഥിക്കുന്നതായും വിരേന്ദര്‍ സിങ് ആവശ്യപ്പെട്ടു. സച്ചിന് ടെന്‍ഡുല്‍ക്കറെയും നീരജ് ചോപ്രയെയും എക്സില്‍ ടാഗ് ചെയ്തിട്ടുമുണ്ട്.
അതേസമയം ബോക്സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഒളിംപിക്സ് മെഡൽ ജേതാവ് ബജ്റങ് പുനിയ ഇന്നലെ പത്മശ്രീ പുരസ്കാരം തിരിച്ചുനൽകിയിരുന്നു. എന്നാൽ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനൽകാനായി എത്തിയ ബജ്റങ്ങിനെ പൊലീസ് അനുവദിച്ചില്ല. തുടർന്ന് കർത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയിൽ പുരസ്കാരം ഉപേക്ഷിച്ച് താരം മടങ്ങി.
ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ സിങിനെതിരെ താരങ്ങൾ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിൽ ബ്രിജ്ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ്കുമാർ സിങ് ദേശീയ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാണ് പുതിയ പ്രതിഷേധങ്ങൾക്ക് തുടക്കമായത്. സഞ്ജയ്കുമാർ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം വിളിച്ച് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വികാരഭരിതമായ കാഴ്ചകൾക്കായിരുന്നു വാർത്താസമ്മേളനം സാക്ഷിയായത്. മാധ്യമപ്രവർത്തകർക്കുമുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ബൂട്ട് മേശയിൽ അഴിച്ചുവച്ചാണ് സാക്ഷി ഗുസ്തി അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.