പല തവണയായി മാറ്റിവച്ച ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കഴിഞ്ഞ മെയ് മാസം നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പാണ് പലതവണ മാറ്റിവെച്ചതിനു ശേഷം ഇന്ന് നടക്കുന്നത്. ഇന്ന് തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും. റെസലിംഗ് ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിൻ്റെ അടുത്ത അനുയായികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
അതേസമയം ബ്രിജ് ഭൂഷണെതിരെ വനിതാ ഗുസ്തി താരങ്ങൾ ലൈംഗിക ആരോപണം ഉന്നയിച്ചതോടെ ഭരണസമിതി വലിയ വിവാദത്തിൽപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ബ്രിജ് ഭൂഷണെതിരെ ആരോപണം ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത ഗുസ്തി താരങ്ങളുടെ പിന്തുണയോടെ മുൻ ഗുസ്തി ചാംപ്യനായ അനിത ഷെറോൻ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. ബ്രിജ്ഭൂഷൺ അനുകൂലിയായ സഞ്ജയ് കുമാർ സിങ് ആണ് പ്രധാന എതിരാളി. രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് ഒന്നര വരെ ഡൽഹിയിലാണ് വോട്ടെടുപ്പ് നടക്കുക. അതിനിടെ ഗുസ്തി താരങ്ങൾ ഇന്ന് വൈകിട്ട് നാലരയ്ക്ക് വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.
ബ്രിജ് ഭൂഷണെ പിന്തുണയ്ക്കുന്ന 18 പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിട്ടുള്ളത്. എന്നാൽ ഗുസ്തി താരങ്ങളുടെ ആവശ്യപ്രകാരം ബ്രിജ് ഭൂഷണിൻ്റെ കുടുംബത്തിൽ നിന്നുള്ളവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല.