ചെന്നൈ സൂപ്പർ കിങ്സ് ടീമിലെടുക്കുമോ എന്ന നടൻ യോഗി ബാബുവിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി സിഎസ്കെ ടീമിന്റെ ക്യാപ്റ്റൻ എംഎസ് ധോണി. താരത്തിന്റെ ഉടമസ്ഥതയിലുള്ള ധോണി എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായ ലെറ്റ്സ് ഗെറ്റ് മാരീഡിന്റെ(എൽ.ജി.എം) ട്രെയിലർ ലോഞ്ചിനിടെയായിരുന്നു ചിത്രത്തിലെ നടന്മാരിൽ ഒരാൾ കൂടിയായ യോഗി ബാബുവിന്റെ ചോദ്യം.
അതേസമയം ചോദ്യത്തിന് അതേ രീതിയിൽ തന്നെ തമാശ രൂപേണയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റനും മറുപടി നൽകിയത്. സൂപ്പർ കിങ്സിൽ അമ്പാട്ടി റായുഡു വിരമിച്ച ഒഴിവുണ്ട്. അതിൽ നിങ്ങൾക്കൊരു അവസരം നൽകാൻ മാനേജ്മെന്റിനോട് ശുപാർശ ചെയ്യാം. എന്നാൽ, നിങ്ങളിപ്പോൾ സിനിമയിൽ തിരക്കിലല്ലേ. സ്ഥിരമായി കളിക്കണമെന്നേ പറയുള്ളു. നിങ്ങളെ പരിക്കേൽപിക്കാൻ വളരെ വേഗത്തിലായിരിക്കും അവർ പന്തെറിയുക എന്നും ധോണി പറഞ്ഞു. വൻ കരഘോഷത്തോടെയാണ് ധോണിയുടെ മറുപടിയെ ചടങ്ങിനെത്തിയവർ സ്വീകരിച്ചത്.
ചെന്നൈ ലീല പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഭാര്യ സാക്ഷിക്കൊപ്പമാണ് ധോണി എത്തിയത്. ഇരുവർക്കും ആരാധകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്. താരത്തിന്റെ പേരു വിളിച്ച് ആർത്തുവിളിച്ച ആരാധകർ പൂക്കൾ വിതറിയാണ് ഇവരെ വരവേറ്റത്. ഫാമിലി എന്റർടെയ്നർ ചിത്രമാണ് എൽ.ജി.എം. യോഗി ബാബുവിനെ കൂടാതെ ഹരീഷ് കല്യാൺ, ഇവാന, നാദിയ, ആർ.ജെ വിജയ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.