പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബർ അസം, വിരാട് കോലിയിൽ നിന്ന് ഇന്ത്യൻ ജഴ്സി ഒപ്പിട്ടു വാങ്ങിയതിനെതിരെ വിമർശനവുമായി പാക്ക് മുന്‍ താരം വസിം അക്രം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് ഇരു ടീമും തമ്മിലുള്ള ലോകകപ്പ് മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയിൽ കോലിയെക്കൊണ്ട് ഒപ്പിടീച്ച് ബാബർ വാങ്ങിയ ദൃശ്യങ്ങൾ കണ്ടതിന് ശേഷമാണ് വസിമിന്റെ വിമർശനം. ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മാത്രമല്ല, കോലി ഒന്നിലേറെ ജഴ്സികൾ ബാബറിന് സമ്മാനിച്ചിട്ടുമുണ്ട്.
എന്നാൽ ക്യാമറകളുടെ മുന്നിൽ വച്ച് തന്നെ ബാബർ കോലിയോടു ജഴ്സി ആവശ്യപ്പെട്ടതാണ് വസീം അക്രത്തെ കൂടുതൽ പ്രകോപിപ്പിച്ചത്. ബാബറിന് കോലിയുടെ ജഴ്സി വേണമെങ്കിൽ അതു ഡ്രസിങ് റൂമിൽ വച്ച് ചോദിക്കാമായിരുന്നു. എല്ലാവരും കാൺകെ ചോദിച്ചു വാങ്ങിയത് എന്തിനാണ് എന്നാണ് വസിം അക്രം ഒരു പാക്ക് മാധ്യമത്തോട് പറഞ്ഞത് . ‘നിങ്ങളുടെ അമ്മാവന്റെ മകൻ കോലിയുടെ ജഴ്സി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതു ഗ്രൗണ്ടിൽ വച്ചല്ല ചോദിക്കേണ്ടത്. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽവച്ചു വാങ്ങാവുന്നതേയുള്ളൂ. ആ ചിത്രം കണ്ടപ്പോൾ ഞാൻ ഇങ്ങനെയാണ് പറഞ്ഞത്’ എന്ന് അക്രം വ്യക്തമാക്കി.
അതേസമയം ഗ്രൗണ്ടിന് അകത്തും പുറത്തും എന്നും സൗഹൃദം നിലനിർത്തുന്ന താരങ്ങളാണ് ബാബർ അസമും വിരാട് കോലിയും. മാത്രമല്ല, ഏഷ്യാകപ്പ് പോരാട്ടത്തിന് ശേഷം പാക്കിസ്ഥാന്റെ ഡ്രസിങ് റൂമിലേക്കു പോയി കോലി താരങ്ങളോട് നേരിട്ട് സംസാരിച്ചിരുന്നു. 290 റൺസെങ്കിലും വിജയ ലക്ഷ്യം വേണ്ടിടത്ത് 191 റൺസ് നേടാൻ മാത്രമാണ് പാക്കിസ്ഥാന് സാധിച്ചതെന്ന് ബാബർ അസം ലോകകപ്പിലെ തോൽവിക്കു ശേഷം പ്രതികരിക്കുകയും ചെയ്തിരുന്നു.