ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ടെസ്റ്റ് മാച്ചുകളിൽ നിന്ന് സൂപ്പർ താരം വിരാട് കോലി വിട്ടുനിൽക്കുന്നതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ക്രിക്കറ്റ് ആരാധകർ. പലവിധ അഭ്യൂഹങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. കോഹ്ലിയുടെ ഭാര്യ അനുഷ്ക ശർമ ഗർഭിണിയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
എന്നാൽ ആരാധകരുടെ ഈ ഊഹം തെറ്റിയില്ലെ, ദമ്പതികൾ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. മുൻ ദക്ഷിണാഫ്രിക്കൻ താരവും ബംഗളൂരു റോയൽ ചലഞ്ചേഴ്സിലെ മുൻ സഹതാരവുമായിരുന്നു എബി ഡിവില്ലിയേഴ്സാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. അനുഷ്കയും തന്റെ നല്ല സുഹൃത്തായ കോലിയും ഈ വർഷം അവരുടെ രണ്ടാമത്തെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു എന്നാണ് തന്റെ യൂട്യൂബ് ചാനലിൽ ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയത്.
‘ഞാൻ കോലിക്ക് മെസേജ് അയച്ചു. അദ്ദേഹമാണ് ഇക്കാര്യം പറഞ്ഞത്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. എന്നാൽ ഒരുകാര്യം പറയാം, അവൻ സുഖമായിരിക്കുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണിപ്പോൾ. അതാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങൾ നഷ്ടപ്പെടാൻ കാരണം. രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്, ഇത് കുടുംബത്തിനൊപ്പം ചെലവഴിക്കാനുള്ള സമയമാണ്’ -ഡിവില്ലിയേഴ്സ് പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് കോഹ്ലി വിട്ടുനിൽക്കുന്നു എന്നായിരുന്നു ബി.സി.സി.ഐ അറിയിച്ചത്. ഗർഭിണിയാണെന്ന വിവരം ദമ്പതികൾ ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. 2021ലാണ് ദമ്പതികൾക്ക് ആദ്യ കുഞ്ഞ് വാമിക ജനിക്കുന്നത്.