മലയാള ചലച്ചിത്രമേഖലയുടെ ചരിത്രത്തിൽ നാഴികക്കല്ലുകളായ നിരവധി മികച്ച സിനിമകൾ സമ്മാനിച്ച മെറിലാൻഡ് സിനിമാസ് നിർമ്മാണവും വിനീത് ശ്രീനിവാസൻ സംവിധാനവും നിർവഹിക്കുന്ന ‘വർഷങ്ങൾക്കു ശേഷം’ എന്ന ചിത്രത്തിന്റെ ട്രയിലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു. പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ധ്യാൻ ശ്രീനിവാസനും പ്രണവ് മോഹൻലാലുമാണ് ചിത്രത്തിൽ നായകന്മാർ. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിൻ്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിൻ്റെയും നിർമ്മാണം നിർവഹിക്കുന്നത്.
സൗഹൃദവും സിനിമയും സ്വപ്നങ്ങളും നൊമ്പരങ്ങളും പ്രണയവുമെല്ലാം ഒത്തുചേർന്ന ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് മനസിലാവുന്നത്. വമ്പൻ ക്യാൻവാസിൽ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ – വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കല്യാണി പ്രിയദർശൻ, നീത പിള്ളൈ, അജു വർഗീസ്, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം വിശ്വജിത്ത് നിർവഹിക്കുന്നു. എഡിറ്റിംഗ് രഞ്ജൻ എബ്രഹാംമും ആർട്ട് ഡയറക്ടർ നിമേഷ് താനൂരുമാണ്. കോസ്റ്റ്യൂം ദിവ്യ ജോർജ്. മേക്കപ്പ് റോണക്സ് സേവ്യർ നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ. ചീഫ് അസോസിയേറ്റ് അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ വിജേഷ് രവി, ടിൻസൺ തോമസ്, പർച്ചേസിംഗ് മാനേജർ ജയറാം രാമചന്ദ്രൻ, വരികൾ എഴുതിയിരിക്കുന്നത് ബോംബേ ജയശ്രീ, വൈശാഖ് സുഗുണൻ, മനു മഞ്ജിത്, വിനീത് ശ്രീനിവാസൻ, സ്റ്റിൽസ് ബിജിത്ത്.