തെന്നിന്ത്യ ഏറെ ആരാധിക്കുന്ന നടനാണ് വിജയ്. താരം തന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സുപ്രധാന തീരുമാനങ്ങൾ കൂടി പങ്കുവച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരമിപ്പോൾ. കരാർ ഒപ്പിട്ട ചിത്രങ്ങൾ പൂർത്തിയാക്കിയതിന് ശേഷം അഭിനയം നിർത്തുമെന്നും മുഴുവൻ സമയവും രാഷ്ട്രീയത്തിന് വേണ്ടി മാറ്റി വെക്കുമെന്നുമാണ് വിജയ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇത് വിജയ് ആരാധകരിൽ വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്.
‘എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം എനിക്ക് മറ്റൊരു ജോലിയല്ല. അതൊരു വിശുദ്ധ ജോലിയായാണ് ഞാൻ കാണുന്നത്. രാഷ്ട്രീയ ഉയരങ്ങൾ മാത്രമല്ല, രാഷ്ട്രീയത്തിൻ്റെ നീളവും പരപ്പും എൻ്റെ മുൻഗാമികളിൽ നിന്ന് പഠിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതിനായി ഞാൻ മാനസികമായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയം ഒരു ഹോബിയല്ല. അത് എൻ്റെ അഗാധമായ ആഗ്രഹമാണ്. രാഷ്ട്രീയ പ്രവർത്തനത്തെ ബാധിക്കാതെ ഇതുവരെ കരാറൊപ്പിട്ട സിനിമകൾ പൂർത്തിയാക്കും. അതിനുശേഷം പൂർണമായും രാഷ്ട്രീയത്തിൽ മുഴുകും’ – വിജയ് പ്രസ്താവനയിൽ പറഞ്ഞു.
‘തമിഴക വെട്രി കഴകം’ എന്നാണ് വിജയ് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയുടെ പേര്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിലെ അംഗങ്ങളാണ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ മുൻകൈ എടുത്തത്. രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്.