പുതിയ ചിത്രത്തിന്റെ വിജയത്തിൽ ആരാധകർക്ക് സ്നേഹസമ്മാനവുമായി തെലുങ്ക് താരം വിജയ് ദേവരകൊണ്ട. താരത്തിന്റെ പുതിയ ചിത്രമായ ഖുഷിയുടെ വിജയാഘോഷത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന 100 ആരാധക കുടുംബങ്ങൾക്ക് ഒരു ലക്ഷം വീതം നൽകുമെന്ന് താരം പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് നടന്ന ഒരു പരിപാടിക്കിടെ പൊതുവേദിയിൽ വെച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ചിത്രത്തിന് ലഭിച്ച പ്രതിഫലത്തിൽ നിന്നുമാണ് താരം തുക സമ്മാനമായി നൽകുന്നത്. വരുന്ന 10 ദിവസങ്ങൾക്കുള്ളിൽ സമ്മാനം കെെമാറുമെന്ന് ദേവരകൊണ്ട കൂട്ടിച്ചേർത്തു.
അതേസമയം താരത്തിന്റെ പ്രഖ്യാപനം ഏറെ വെല്ലുവിളികളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കൂടാതെ നിരവധി പേർ വിജയ് ദേവരകൊണ്ടയുടെ ഈ പ്രഖ്യാപനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇതിന് മുൻപും ആരാധകർക്കായി ദേവരകൊണ്ട സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. ആരാധകർക്ക് വേണ്ടി വിനോദയാത്രകൾ സംഘടിപ്പിച്ചുകൊണ്ടും ദേവരകൊണ്ട വർത്തകളിൽ ഇടം നേടിയിരുന്നു. 100 ആരാധകരുടെ മുഴുവൻ ചെലവും വഹിച്ചുകൊണ്ടുള്ള മണാലി ട്രിപ്പായിരുന്നു ദേവരകൊണ്ട ഒടുവിലായി ഒരുക്കിയത്.
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം സാമന്ത നായികാവേഷത്തിൽ എത്തുന്ന ഖുഷി ഒരു റൊമാന്റിക് എന്റർടെയിനറാണ്. ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഖുഷിയ്ക്കുണ്ട്.