മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരസാന്നിധ്യമാണ് നടി ഉർവശി. ഉർവശിയുടെ സിനിമകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്നവയാണ്. ഇപ്പോൾ മകൾ കുഞ്ഞാറ്റ എന്നുവിളിക്കുന്ന തേജ ലക്ഷ്മിക്കും മകൻ ഇഷാൻ പ്രജാപതിക്കുമൊപ്പമുള്ള ഉർവശിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. “എൻ്റെ കുട്ടികൾക്കൊപ്പം” എന്ന അടിക്കുറിപ്പോടെ ഉർവശി തന്നെയാണ് മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
കുടുംബത്തോടൊപ്പമുള്ള അസുലഭ മൂഹൂർത്തങ്ങൾ ഉർവശി എപ്പോഴും ആരാധകരുമായി പങ്കിടാറുണ്ട്. ഭർത്താവ് ശിവപ്രസാദ് ആദ്യമായി സംവിധാനം ചെയ്യുന്ന എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ് ഫസ്റ്റ് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ജഗദമ്മ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഉർവശി സിനിമയിൽ അവതരിപ്പിക്കുന്നത്. അമ്മയുടെ അഭിനയം നേരിട്ട് കാണാനെത്തിയ മക്കൾക്കൊപ്പം സെറ്റിൽ സമയം ചിലവഴിക്കുന്ന ചിത്രമാണിത് ഉർവശി അരാധകരുമായി പങ്കുവെച്ചത്.
മനോജ് കെ ജയനുമായി വേർപിരിഞ്ഞ ഉർവശി 2013-ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ വിവാഹം ചെയ്യുകയായിരുന്നു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ. 2011-ലായിരുന്നു മനോജ് കെ ജയനും ആശയും തമ്മിലുള്ള വിവാഹം നടന്നത്.