അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസമായ ജനുവരി 22ന് എല്ലാവരും വീടുകളിൽ ദീപം തെളിക്കണമെന്ന് നടൻ അഭ്യർഥനയുമായി ഉണ്ണി മുകുന്ദൻ. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ ആഹ്വാനം. ജനുവരി 22 ന് എല്ലാവരും വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കണം. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണെന്നും ഉണ്ണിമുകുന്ദൻ കുറിച്ചു.
ഉണ്ണി മുകുന്ദന്റെ ഫേസ്ബുക് പോസ്റ്റ്
‘ജനുവരി 22-ന് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും ശ്രീരാമജ്യോതി തെളിയിക്കുക. ശ്രീരാമന്റെ വരവ് പ്രമാണിച്ച് ഈ വർഷം ദീപാവലി ജനുവരിയിൽ വരുന്നതിന് തുല്യമാണിത്! രാജാവ് സിംഹാസനം ഏറ്റെടുക്കാനുള്ള യാത്രയിലാണ്. ‘ജയ്ശ്രീറാം’ ജനുവരി 22നാണ് രാമക്ഷേത്ര മഹാ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. ഈ ദിവസം രാജ്യം മുഴുവൻ വീടുകളിൽ ദീപങ്ങൾ തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആവശ്യപ്പെട്ടിരുന്നു.പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.
വാരണാസിയിൽ നിന്നുള്ള പുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് ഉച്ചയ്ക്ക് 12.20ന് പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ചടങ്ങ് സമാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈസൂർ ആസ്ഥാനമായുള്ള ശിൽപി അരുൺ യോഗിരാജ് ചെയ്ത രാം ലല്ലയുടെ വിഗ്രഹമാണ് അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത്.
അതേസമയം ഏഴു ദിവസത്തെ ചടങ്ങുകൾ ചൊവ്വാഴ്ച തന്നെ ആരംഭിച്ചിരുന്നു. ആചാരങ്ങളിൽ വിവിധ തരത്തിലുള്ള പൂജകളും നടന്നു. ജനുവരി 22 ന് നടക്കുന്ന പരിപാടിക്ക് ശേഷമായിരിക്കും രാമക്ഷേത്രം ഭക്തർക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കുക. ഇന്ത്യയിലുടനീളമുള്ള ആയിരക്കണക്കിന് തീർത്ഥാടകരും വിനോദസഞ്ചാരികളും ദിവസവും ക്ഷേത്രം സന്ദർശിക്കുമെന്നാണ് വിലയിരുത്തുന്നത്.