പഠനത്തിന് പ്രായമൊരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ ഭാര്യയും നടിയുമായ ട്വിങ്കിൾ ഖന്ന. തന്റെ 50-ാം വയസിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കുകയാണ് ട്വിങ്കിൽ. അക്ഷയ് കുമാർ തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കിട്ടത്. ഈ പ്രായത്തിലും പഠിക്കാൻ താത്പര്യം കാണിച്ച തന്റെ ഭാര്യയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ലണ്ടൻ സർവ്വകലാശാലയിൽ നിന്നാണ് എഴുത്തുകാരി കൂടിയായ ട്വിങ്കിൾ ഖന്ന ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയത്. ഫിക്ഷൻ റൈറ്റിങ് മാസ്റ്റർ പ്രോഗ്രാമിലാണ് ട്വിങ്കിളിൻ്റെ ബിരുദാനന്തര ബിരുദം. താൻ ഒരു സൂപ്പർ വുമണിനെയാണ് വിവാഹം കഴിച്ചതെന്ന് മനസിലായെന്നും ട്വിങ്കിളിനെ പുകഴ്ത്താനുള്ള വിദ്യാഭ്യാസം തനിക്കില്ലെന്നും അക്ഷയ് സാമൂഹ്യമാധ്യമത്തിലൂടെ പങ്കവെച്ച കുറിപ്പിൽ വ്യക്തമാക്കി.
“രണ്ടു വർഷം മുമ്പ് വീണ്ടും പഠിക്കാൻ ആഗ്രഹിക്കുന്നുവെന്ന് എന്നോട് പറഞ്ഞപ്പോൾ നീയത് കാര്യമായിട്ടാണോ പറഞ്ഞതെന്ന് ഞാൻ സംശയിച്ചിരുന്നു. പക്ഷേ വീടും ജോലിയും ഞാനും കുട്ടികളുമെല്ലാമുള്ള നിൻ്റെ ഉത്തരവാദിത്തങ്ങൾക്കൊപ്പം ഒരു ഫുൾ ടൈം വിദ്യാർത്ഥിയായി മാറുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നത് കണ്ടപ്പോൾ ഒരു സൂപ്പർ വുമണിനെയാണ് ഞാൻ വിവാഹം കഴിച്ചതെന്ന് എനിക്ക് മനസിലായി. ഇന്ന് നിന്റെ ബിരുദദാന വേളയിൽ ഞാൻ നിന്നെയോർത്ത് ഒരുപാട് അഭിമാനിക്കുന്നു ടീന. നിന്നെ ആവോളം പുകഴ്ത്താനുള്ള അറിവുണ്ടാകാൻ ഞാൻ കുറച്ചുകൂടി പഠിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. അഭിനന്ദനങ്ങളും എൻ്റെ എല്ലാ സ്നേഹവും” എന്നാണ് അക്ഷയ് കുമാർ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് കുറിച്ചത്.