കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പ്രഭാസ് ചിത്രം ആദിപുരുഷിന് ട്രോൾ മഴ. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന അതേ പരിഹാസമാണ് സിനിമ പുറത്തിറങ്ങിയപ്പോഴും അണിയറ പ്രവർത്തകർ ഇപ്പോഴും നേരിടുന്നത്. ചിത്രത്തിന്റെ സംവിധാനവും വിഎഫ്എക്സും സിനിമയെ നശിപ്പിച്ചെന്നാണ് പ്രധാനമായി ഉയരുന്ന വിമർശനം. ഇതിലും ഭേദം കാർട്ടൂൺ ആണെന്നും പുസ്തകങ്ങളിൽ വായിക്കുന്ന അമർ ചിത്ര കഥകൾക്ക് ഇതിനേക്കാളും നിലവാരമുണ്ടെന്നും ഒക്കെയാണ് സിനിമ കണ്ടിറങ്ങുന്നവർ പരിഹസിക്കുന്നത്.
അതേസമയം രാമന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഭാസിന്റെ ലുക്കിനെതിരെയും വിമർശനം ഉയരുന്നുണ്ട്. കൂടാതെ രാവണന്റെ തലകൾ മുഴുവനായും സ്ക്രീനിൽ കാണിക്കാൻ സാധിക്കാത്തത് കൊണ്ടാണോ അടുക്കിയടുക്കി മുകളിലായി വച്ചിരിക്കുന്നതെന്നും ചിലർ പരിഹസിച്ചു. രാമായണമെന്ന ഇതിഹാസത്തോട് പകുതി പോലും നീതിപുലർത്താൻ സംവിധായകന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഹോളിവുഡ് ചിത്രങ്ങളായ അവഞ്ചേഴ്സിന്റെയും പ്ലാനറ്റ് ഓഫ് ദ് ഏപ്സിന്റെയും കോമഡി പതിപ്പാണ് ആദിപുരുഷെന്നും വിമർശകർ പറയുന്നു.
വിഎഫ്എക്സിന് ഏറെ പ്രാധാന്യമുണ്ടെന്ന് അവകാശപ്പെടുന്ന സിനിമയുടെ ബജറ്റ് 700 കോടിയാണ്. എന്നാൽ കുട്ടികൾക്ക് വേണ്ടിയുള്ള കാർട്ടൂണുകൾക്കും വീഡിയോ ഗെയിമുകൾക്കും പോലും ഇതിനേക്കാൾ നിലവാരമുണ്ടെന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രതികരണങ്ങള്‍. താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിൽ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലൻ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയുമാണ് അഭിനയിച്ചിരിക്കുന്നത്.
അതേസമയം ഇന്ത്യയിലെ തന്നെ ഏറ്റവും മുതൽമുടക്കേറിയ ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിർമാണച്ചെലവിൽ 250 കോടിയും വിഎഫ്എക്സിനു വേണ്ടി മാത്രമാണ് മുടക്കിയിരിക്കുന്നത്. ഇതിൽ 120 കോടിയാണ് പ്രഭാസിന്റെ മാത്രം പ്രതിഫലം. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ് കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിർമാതാവ് ഭൂഷണ് കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണ് ആദിപുരുഷ്.