ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് ടൊവിനോ തോമസ്. സ്വാഭാവിക അഭിനയംകൊണ്ട് മലയാളം സിനിമാ ഇന്റസ്ട്രിയെ തന്റെ കൈപ്പിടിയിലൊതുക്കിയ ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘നടികർ’. നടികർ സിനിമയുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിനെത്തിയ ടൊവിനോയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്.
അഭിനേത്രിയും അവതാരികയും വ്ലോഗറുമായ പേളിയുടെ ‘പേളി മാണി ഷോ’ എന്ന പരിപാടിയിലായിരുന്നു ടൊവിനോയും നടൻ ബാലു വർഗീസും അതിഥികളായി എത്തിയത്. അഭിമുഖം കഴിഞ്ഞിറങ്ങിയ ടൊവിനോ പേളി – ശ്രീനിഷ് ദമ്പതികളുടെ ഇളയ മകൾ നിതാരയെ കൊഞ്ചിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. നിതാരയെ കയ്യിലെടുത്ത് ടൊവിനോ ലാളിക്കുമ്പോൾ പേളി തമാശരൂപേണ ‘അങ്ങനെയല്ല, ഇങ്ങനെ ചെയ്യൂ’ എന്ന് പറഞ്ഞ് ടൊവിനോയ്ക്ക് കുഞ്ഞിനെ കൊഞ്ചിക്കാൻ പഠിപ്പിക്കുന്നതാണ് വീഡിയോയുടെ ഹൈലൈറ്റ്.
പേളിയുടെ നിർദേശങ്ങൾ കേട്ട ടൊവിനോ ചിരിച്ചുകൊണ്ട് അതിനനുസരിച്ച് നിതാരയെ ലളിക്കുന്നതും കാണാം. പേളിയുടെ ഭർത്താവ് ശ്രീനിഷും വീഡിയോയിലുണ്ട്. വീഡിയോ കണ്ട് നിരവധി പേരാണ് ഇരുവരുടെയും രസകരമായ സംഭാഷണത്തെയും സൗഹൃദത്തെയും കയ്യടികളോടെ ഏറ്റെടുത്തത്. പേളി-ശ്രീനിഷ് ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. ആദ്യത്തെ മകൾ നിലയും സാമൂഹ്യമാധ്യമങ്ങളിൽ വളരെ ശ്രദ്ധനേടുന്നുണ്ട്. രണ്ടാമത്തെ പ്രസവത്തിന് ശേഷം പേളി ആദ്യമായി അവതാരികയായ ഷോ എന്ന പ്രത്യേകതയും പരിപാടിക്കുണ്ടായിരുന്നു. എന്തായാലും വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.