ആകാശ​ഗം​ഗ റിലീസ് ചെയ്തിട്ട് ഇന്ന് 25 വർഷം; വികാരഭരിതമായ കുറിപ്പുമായി സംവിധായകൻ വിനയൻ

Date:

Share post:

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1999-ൽ പുറത്തിറങ്ങിയ ‘ആകാശഗംഗ’. വിനയൻ സംവിധാനം ചെയ്ത ചിത്രം ജനുവരി 26നാണ് റിലീസ് ചെയ്തത്. ആ വർഷം മികച്ച വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നായ ആകാശ​ഗം​ഗ റിലീസ് ചെയ്തിട്ട് ഇന്ന് 25 വർഷം പൂർത്തിയാകുകയാണ്. 25-ാം വാർഷികത്തിൽ സിനിമയുമായി ബന്ധപ്പെട്ട ഓർമ്മകളും തന്റെ സിനിമാ ജീവിതത്തിലുണ്ടായ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് സംവിധായകനായ വിനയൻ.

വെള്ളസാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞുവെന്ന് തന്നോട് നിരവധി നിർമ്മാതാക്കൾ പണ്ട് പറഞ്ഞിരുന്നുവെന്നും എന്നാൽ തനിക്ക് ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നുവെന്നും ഒടുവിൽ ഞാൻ കണ്ടിരുന്ന സ്വപ്നം പോലെ യക്ഷി തന്നെ സഹായിച്ചു എന്നാണ് വിനയൻ പറഞ്ഞത്. അതോടൊപ്പം ഫിലിം ഇൻഡസ്ട്രിയിൽ താനെടുത്ത ചില ശക്തമായ നിലപാടുകളുടെ പേരിൽ തനിക്ക് കുറേ വർഷങ്ങൾ നഷ്ടമായെങ്കിലും പറയാനുള്ളത് ഏതു ദിവ്യന്റേയും മുഖത്ത് നോക്കി പറയാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:
“ആകാശഗംഗ റിലീസായിട്ട് ഇരുപത്തഞ്ച് വർഷം തികയുന്നു. വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിർമ്മാതാക്കൾ അന്ന് പറഞ്ഞിരുന്നു. പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോൾ ഒടുവിൽ സ്വയം നിർമ്മാതാവിന്റെ കൂടി മേലങ്കി അണിയുവാൻ ഞാൻ തീരുമാനിച്ചു. പ്രതികാര ദുർഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടൻ എന്ന രാജൻ പി.ദേവ് ചെയ്‌ത കഥാപാത്രത്തിനും ആയിരുന്നു സിനിമയിൽ പ്രാധാന്യം എന്നതു കൊണ്ടുതന്നെ അന്ന് പ്രശസ്തനായിരുന്ന യുവനടനും ആകാശ ഗംഗയിൽ നിന്നു പിൻമാറി.. അപ്പോഴും ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും എന്നെൻ്റെ മനസെന്നോട് പറഞ്ഞു കൊണ്ടേയിരുന്നു..

അതിനൊരു കാരണവും ഉണ്ടായിരുന്നു കുട്ടനാട്ടിലെ ഞങ്ങടെ കുടുംബമായ കോയിപ്പുറത്ത് കാവിലെ കന്യക്കോണിൽ നിന്നിരുന്ന ഏഴിലം പാലയിലെ പ്രണയാദ്രയും പ്രതികാര ദാഹിയുമായ യക്ഷിയുടെ കഥ അമ്മ പലപ്പോഴും പറയുമായിരുന്നു.. ആ കഥ തന്നെ ആയിരുന്നു ആകാശ ഗംഗയുടെ ത്രെഡ്.. ചില കാര്യങ്ങൾ നടപ്പാക്കാൻ പലപ്പോഴും വലിയ റിസ്‌ക് എടുക്കേണ്ടി വരും.. ആകാശഗംഗയുടെ കാര്യത്തിൽ ഞാനതെടുത്തു. വീടു വെക്കാനനുവദിച്ച ലോൺ പോലും എടുത്ത് ആ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച കാര്യം ഞാൻ പല ഇന്റർവ്യൂകളിലും മുൻപ് പറഞ്ഞിട്ടുണ്ട്. നായകനായി പുതുമുഖം റിയാസിനെ ആ യുവ നടന് പകരം കാസ്റ്റ് ചെയ്തുകൊണ്ട് മുന്നോട്ടുപോയ എന്നെ അന്ന് ഞാൻ കണ്ടിരുന്ന സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു..

ആകാശ ഗംഗ സൂപ്പർഹിറ്റായെന്ന് മാത്രമല്ല സംവിധായകനപ്പുറം നിർമ്മാതാവെന്ന നിലയിൽ എനിക്ക് വലിയ ലാഭവും നേടിത്തന്നു. ആകാശ ഗംഗ റിലീസായ 1999-ൽ തന്നെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, പ്രണയ നിലാവും, ഇൻഡിപ്പെൻഡൻസും റിലീസ് ചെയ്തിരുന്നു. എല്ലാം വിജയചിത്രങ്ങളായിരുന്നു. അതിനടുത്ത വർഷങ്ങളിലായിരുന്നു കരുമാടിക്കുട്ടനും ദാദാ സാഹിബും രാക്ഷസരാജാവുമൊക്കെ.. പിന്നീടിങ്ങോട്ടു മലയാളത്തിലും തമിഴിലുമായി നാൽപ്പത്തി നാല് ചിത്രങ്ങൾ.. ഒടുവിൽ റിലീസായ “പത്തൊമ്പതാം നൂറ്റാണ്ട്” വരെയുള്ള എൻെറ സിനിമാ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ഞാൻ സംതൃപ്തനാണ്..

ഫിലിം ഇൻഡസ്ട്രിയിൽ ഞാനെടുത്ത ചില ശക്തമായ നിലപാടുകളുടെ പേരിൽ എനിക്ക് കുറേ വർഷങ്ങൾ നഷ്ടമായെങ്കിലും.. പറയാനുള്ളത് ഏതു ദിവ്യന്റേയും മുഖത്ത് നോക്കി പറയാൻ കഴിഞ്ഞു.. അതിന്റെ പേരിൽ സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ഞാൻ പറഞ്ഞതായിരുന്നു സത്യം എന്നു തെളിയിക്കാൻ കഴിഞ്ഞു എന്നതൊക്കെ ഒരു സ്പോർട്‌സ്‌മാൻ സ്‌പിരിറ്റോടെയാണ് ഞാൻ കാണുന്നത്.. ഞാൻ ഏറ്റുമുട്ടിയത് മഹാ മേരുക്കളോടായിരുന്നല്ലോ?..

എന്റെ മനസാക്ഷിക്ക് നേരെന്ന് തോന്നുന്നതിനു വേണ്ടി ഫൈറ്റു ചെയ്യുന്നതിന്റെ ലഹരി എനിക്കേറെ ഇഷ്ടമാണ്. അതിനിയും തുടരും. ഇതുവരെ എന്നെ സഹിച്ച സപ്പോർട്ട് ചെയ്‌ത, കൂടെ സഹകരിച്ച, എല്ലാവർക്കും നന്ദി പറയാൻ കൂടി ഈ അവസരം ഉപയോഗിക്കട്ടെ. വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുമായിട്ടാണ് ഞാൻ മിക്കപ്പോഴും പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.. ഇനിയും അത്തരം സിനിമകളുമായി വരാനാണ് ശ്രമിക്കുന്നതും.. അതിന്റെ പണിപ്പുരയിലാണ്. നന്ദി…”

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...