ഭ്രമയുഗം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം കണ്ട് അതിശയപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോൾ കൊടുമൺ പോറ്റിയെ വീണ്ടും വേദിയിലെത്തിച്ചിരിക്കുകയാണ് നടൻ ടിനി ടോം. ഭ്രമയുഗം സിനിമയുടെ സ്പൂഫ് ആണ് താരം വനിത ഫിലിം അവാർഡ് വേദിയിൽ മമ്മൂട്ടി ഉൾപ്പെടെയുള്ള സദസിന് മുന്നിൽ അവതരിപ്പിച്ചത്. സ്കിറ്റ് കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ടിനിയെ ബാക്ക് സ്റ്റേജിലെത്തി മമ്മൂട്ടി അഭിനന്ദിക്കുകയും ചെയ്തു.
മമ്മൂക്ക അനശ്വരമാക്കിയ കഥാപാത്രത്തെ പുനരവതരിപ്പിക്കാൻ സാധിച്ചത് മഹാഭാഗ്യമാണെന്നും അദ്ദേഹം ചെയ്തതിൻ്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്നും ടിനി വ്യക്തമാക്കി. മമ്മൂട്ടിയുടെ പേഴ്സനൽ മേക്കപ്പ് ആർട്ടിസ്റ്റായ സലാം അരൂക്കുറ്റിയാണ് കൊടുമൺ പോറ്റിയായി ടിനിയെ ഒരുക്കിയത്. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഭ്രമയുഗം സിനിമയുടെ പശ്ചാത്തലത്തിൽ ടിനിയും ബിജു കുട്ടനും ഹരീഷ് കണാരനും ചേർന്ന് രസകരമായി അവതരിപ്പിച്ചത്.
“ഏറെ നാളുകളുടെ ശ്രമഫലമായി വികസപ്പിച്ചെടുത്തൊരു സ്കിറ്റ് ആയിരുന്നു അത്. ‘അമ്മ’യുടെ തന്നെ നേതൃത്വത്തിൽ നടന്ന ഷോയിലെ ഏറ്റവും ഗൗരവമേറിയ സ്കിറ്റും നമ്മുടേതായിരുന്നു. മമ്മൂക്കയെപ്പോലൊരു ഇതിഹാസം അനശ്വരമാക്കിയ കഥാപാത്രത്തെ ഒരു സ്റ്റേജിലെങ്കിലും പുനരവതരിപ്പിക്കാൻ സാധിച്ചതു തന്നെ മഹാഭാഗ്യം. അദ്ദേഹം ചെയ്തതിൻ്റെ ഒരംശം പോലും നമുക്ക് ചെയ്യാനാകില്ലെന്ന് അറിയാം. അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകർച്ചയായിരുന്നു അത്. മമ്മൂക്ക മാത്രമല്ല സിദ്ദീഖ് ഇക്കയും രമേശ് പിഷാരടിയുമൊക്കെ പരിപാടി കഴിഞ്ഞ ശേഷം അഭിനന്ദിക്കുകയുണ്ടായി” എന്നാണ് സ്കിറ്റിന് ശേഷം ടിനി ടോം പറഞ്ഞത്. മമ്മൂട്ടിക്ക് പിന്നാലെ നിരവധി താരങ്ങളാണ് ടിനി ടോമിനെ അഭിനന്ദിച്ചത്.