ഒരേ പേരില്‍ തമിഴിലും മലയാളത്തിലുമുള്ള ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നത് സിനിമാ മേഖലയില്‍ സമീപകാലത്ത് വിവാദമായ വർത്തയാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത തമിഴ് ചിത്രം ജയിലറും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത ജയിലറും മലയാള ചിത്രവുമാണ് ഒരേ പേരില്‍ തിയറ്ററുകളിലെത്തുന്നത്. ഓഗസ്റ്റ് 10 നാണ് രണ്ട് ചിത്രങ്ങളുടെയും റിലീസ് തീയതി.
അതേസമയം ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കൾക്ക് ഇടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. ഇത് കൂടാതെ രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നതിനാല്‍ തന്റെ ചിത്രത്തിന് തിയറ്ററുകള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്ന പരാതിയുമായി എത്തിയിരിക്കുകയാണ് മലയാളം ജയിലറിന്റെ സംവിധായകനായ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ താന്‍ ഒറ്റയാള്‍ സമരത്തിന് ഇറങ്ങുകയാണെന്നും അദ്ദേഹം പറയുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനായ ജയിലർ സിനിമയ്ക്ക് തിയറ്ററുകൾ നിഷേധിച്ച വിവരം അറിഞ്ഞു കാണുമല്ലോ. അതിന് എതിരെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് എം ജി റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നിൽ ഒറ്റയാൾ സമരം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയിൽ മലയാള സിനിമ ശ്വാസം മുട്ടുന്നുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. മലയാളത്തിനും വേണ്ടേ റിലീസുകൾ തുടങ്ങിയ കാര്യങ്ങളെ ഊന്നി കൊണ്ടാണ് സമരം ചെയ്യുന്നത്. ഈ വിവരം ഇവിടെ ഉള്ള സിനിമ സ്നേഹികളുടെ മുന്നിലേക്ക് അറിയിക്കാൻ വന്നതാണ്. നന്ദി എന്നാണ് സക്കീർ മഠത്തിൽ പറയുന്നത്.