തിയേറ്ററിൽ കലക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് പ്രേമലു. റിലീസ് ചെയ്ത് 19 ദിവസത്തിനുള്ളിൽ 72 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്. 12.50 കോടി ബജറ്റിലൊരുങ്ങിയ സിനിമ ബോക്സോഫീസിൽ ഇതിനോടകം തരംഗമായി മാറിയിട്ടുണ്ട്. ഇതോടെ ചിത്രം എന്നാണ് ഒടിടിയിലെത്തുക എന്നതാണ് ആരാധകരുടെ ചോദ്യം. എന്നാൽ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് നിർമ്മാതാക്കൾ.
ചിത്രം വമ്പൻ തുകയ്ക്ക് ഒടിടി റിലീസിന് നൽകി എന്ന വിധത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തൽക്കാലം പ്രേമലു ഒടിടിയിൽ പ്രദർശിപ്പിക്കേണ്ട എന്നതാണ് നിർമ്മാതാക്കളുടെ തീരുമാനം. നിലവിൽ ഒരു ഒടിടി പ്ലാറ്റ്ഫോമുമായും ഡീൽ സംസാരിച്ചിട്ടില്ലെന്നും തിയേറ്ററുകളിലെ പ്രദർശനം പൂർത്തിയായതിന് ശേഷമെ അത്തരം ധാരണകളിലേക്ക് കടക്കൂ എന്നമാണ് ഭാവന സ്റ്റുഡിയോസ് അറിയിച്ചത്.
മലയാളത്തിന് പുറമെ തമിഴ്നാട്ടിലും സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് മാർച്ച് എട്ടിന് പ്രദർശനത്തിനെത്തും. എസ്.എസ് രാജമൗലിയുടെ മകൻ കാർത്തികേയയാണ് തെലുങ്കിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. നസ്ലിൻ, മമിത എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രേമലു ഒരു മുഴുനീള റൊമാൻ്റിക് കോമഡി എൻ്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്.