ദുബായിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന തടവുകാർക്കായി ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നു. തടവുകാർക്കായുള്ള ആദ്യ ഫുട്ബോൾ ലീഗ് ദുബായ് സ്പോർട്സ് കൗൺസിലും ദുബായ് പോലീസും സംയുക്തമായി ഒരുക്കുമെന്ന് പ്രഖ്യാപിച്ചു.
ആറ് കളിക്കാരുടെ സംവിധാനത്തിൽ 14 ടീമുകളായാണ് മത്സരത്തിൽ പങ്കെടുക്കുക. ഏപ്രിൽ 7 മുതൽ മെയ് 31 വരെ അൽ അവീർ ജയിലിൽ വച്ച മത്സരങ്ങൾ നടക്കും. മത്സരത്തിന്റെ ഭാഗമായി ഇതിനോടകം തന്നെ ടീമുകൾ തടങ്കൽ കേന്ദ്രത്തിനുള്ളിൽ പരിശീലന സെഷനുകളും ശാരീരിക വ്യായാമങ്ങളും ആരംഭിച്ചിട്ടുണ്ട്.
‘അതിഥികൾ’ എന്നാണ് തടവുകാരെ ഞങ്ങൾ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്ക്. ഈ ആളുകളെ അവരുടെ ജയിലിൽ കഴിയുന്നതിനപ്പുറം ജീവിതത്തിനായി സജ്ജരാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ദുബായ് പോലീസ് പറഞ്ഞു. സ്പോർട്സ് ഒരു അവിഭാജ്യ ഘടകമാണ്. വിദ്യാഭ്യാസം, ജീവിതശൈലി ക്രമീകരണങ്ങൾ, സ്പോർട്സിലെ പങ്കാളിത്തം എന്നിവയുൾപ്പെടെ ഗണ്യമായ അളവിലുള്ള തയ്യാറെടുപ്പ് ഈ വ്യക്തികൾക്കായി സമർപ്പിക്കുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.