സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന നിരൂപണം സിനിമയ്ക്ക് ആവശ്യമാണെന്ന് ഐഎഫ്എഫ്കെ ഓപൺ ഫോറം. ഫോറത്തിൽ ഭൂരിപക്ഷം ആളുകളും ഓൺലൈൻ റിവ്യൂവിന് പിന്തുണ നൽകിയാണ് സംസാരിച്ചത്. കൂടാതെ ഇപ്പോൾ നിരൂപണങ്ങൾ പ്രമുഖ സിനിമകൾക്കു മാത്രമായി ചുരുങ്ങുകയാണെന്നു ചർച്ചയിൽ പങ്കെടുത്ത സംവിധായകർ അഭിപ്രായപ്പെട്ടു.
അതേസമയം ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ വരുന്ന നിരവധി നല്ല ചിത്രങ്ങൾ ആരും ശ്രദ്ധിക്കാതെ പോവുകയാണ്. അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്നും രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം പിയറി സൈമൺ ഗട്ട്മാൻ പറഞ്ഞു. വലിയ സിനിമകൾ നിരൂപണത്തിനു വിധേയമാകുമ്പോൾ ചെറിയ സിനിമകൾ പ്രേക്ഷകർക്കിടയിൽ നിന്നും അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗം മെലിസ് ബെലിലും ചൂണ്ടിക്കാട്ടി.
സിനിമ നിരൂപണം മാത്രമല്ല, ഓരോരുത്തരുടെയും അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും രേഖപ്പെടുത്താൻ കഴിയുന്ന ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നതെന്ന് എൻ. വിദ്യാശങ്കർ പറഞ്ഞു. നിരൂപണമേഖലയിൽ ഇന്ന് കാണുന്ന മാറ്റങ്ങളോട് പുറംതിരിഞ്ഞ് നിൽക്കുന്ന നിലപാടാണ് പൊതുവെ പ്രകടമാകുന്നതെന്നും ജി.പി. രാമചന്ദ്രൻ വിലയിരുത്തി. മാത്രമല്ല, സമൂഹ മാധ്യമങ്ങളെ ഒഴിവാക്കി നിർത്തി നിരൂപണം സാധ്യമല്ലെന്ന് അശ്വതി ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടു. ചർച്ചയിൽ വി.കെ. ജോസഫ്, ശ്രീദേവി അരവിന്ദ്, മീനാക്ഷി ദത്ത എന്നിവർ പങ്കെടുത്തു.