54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയിൽ ഇന്ന് തുടക്കമാവും. നവംബർ 28 വരെ നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകുന്നേരം ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ നടക്കും. മലയാള സിനിമ ‘ആട്ടം’ ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. നവാഗതനായ ആനന്ദ് ആകര്‍ഷി സംവിധാനം ചെയ്ത ‘ആട്ട’ത്തില്‍ വിനയ് ഫോര്‍ട്ട് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വർഷം ഏഴ് മലയാള ചിത്രങ്ങൾ ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്. 408 സിനിമകളില്‍ നിന്ന് സംവിധായകൻ ടി.എസ്. നാഗാഭരണ അധ്യക്ഷനായ ജൂറിയാണ് സിനിമകള്‍ തെരഞ്ഞെടുത്തത്.
കേന്ദ്ര വാർത്താ വിനിമയപ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ, ഗോവ ഗവർണർ ശ്രീധരൻ പിള്ള, സഹമന്ത്രി എൽ. മുരുകൻ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ‘സത്യജിത്ത് റേ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം’ ഹോളിവുഡ് നടനും നിർമാതാവുമായ മൈക്കിൾ ഡഗ്ലസിന് ചടങ്ങിൽ സമ്മാനിക്കും.
വിവിധ വിഭാഗങ്ങളിലായി 270ലേറെ ചിത്രങ്ങളാണ് ഇത്തവണ മേളയിൽ പ്രദർശനത്തിന് എത്തുന്നത്. സംവിധായകൻ ശേഖർ കപൂറാണ് അന്താരാഷ്ട്ര മത്സരവിഭാഗത്തിന്റെ ജൂറി ചെയർമാൻ. മാധുരി ദീക്ഷിത്, സണ്ണി ഡിയോൾ, സാറാ അലിഖാൻ, വിജയ് സേതുപതി, പങ്കജ് ത്രിപാഠി, ഷാഹിദ് കപൂർ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സംഗീത സംവിധായകൻ ശന്തനു മൊയ്ത്ര, ഗായകരായ ശ്രേയാ ഘോഷാൽ, സുഖ്വീന്ദർ സിങ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.