വില്ലനായെത്തി ശേഷം നായകൻ്റെ കുപ്പായമണിഞ്ഞ നടൻമാർ ഇന്ന് ലോകമറിയുന്ന താരങ്ങളാണ്. ഫോർ എക്സാമ്പിൾ – മോഹൻലാൽ, അമിതാബ് ബച്ചൻ അങ്ങനെ.. അങ്ങനെ.. അത് മാത്രമല്ല, നെപ്പോട്ടിസം അത്യാവശ്യം കൊടികുത്തി വാഴുന്ന സിനിമാ ലോകത്ത് ഗോഡ്ഫാദറില്ലാതെ വിജയം കൈവരിച്ച ചുരുക്കം ചില നടന്മാരുമുണ്ട്.
ഓഡിഷനുകളിൽ പോർട്ട് ഫോളിയോയുമായി കയറി ഇറങ്ങി അഭിനയം ജീവിതാഭിലാഷമായി കൊണ്ട് നടക്കുന്ന ഒപ്പം ചാൻസുകൾക്കായി ലൊക്കേഷനുകളിൽ അലഞ്ഞു നടക്കുന്ന ചിലർ. വർഷങ്ങളോളം കാത്തിരുന്ന് കഠിന പ്രയത്നം കൊണ്ട് സിനിമയിൽ സ്ഥാനം നേടിയെടുക്കുന്നവരും ആ ഭാഗ്യം തുണയ്ക്കാത്തവരും നിരവധിയുണ്ട്. പറഞ്ഞ് വരുന്നത് എന്തെന്നാൽ…. അതിനായി അടുത്ത പാരഗ്രാഫ് വായിക്കൂ…
സിനിമാ പശ്ചാത്തലമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്നും സിനിമാ മോഹവുമായി എത്തിയ താരമാണ് മ്മടെ ഇരിങ്ങാലക്കുടക്കാരൻ ടൊവിനോ തോമസ്. പ്ലസ് ടു പഠനം മുതൽ കൂടെ കൂട്ടിയ പ്രണയവും ടൊവിനോയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി കൂടെയുണ്ടായിരുന്നു. ഒടുവിൽ ഒരു ചാൻസ് കിട്ടി, ‘പ്രഭുവിന്റെ മക്കളിൽ’ (2012 ഇൽ പുറത്തിറങ്ങിയ മലയാള സിനിമ ). പിന്നെ എബിസിഡിയിൽ ദുൽഖറിൻ്റെ വില്ലനായി, സ്റ്റൈലിൽ ഉണ്ണി മുകുന്ദൻ്റെ വില്ലനായി. പക്ഷെ മൊയ്‌ദീൻ്റെ ചങ്ങായി ആയപ്പോഴാണ് മലയാള സിനിമ ആ ചെറുപ്പക്കാരനെ ആദ്യമായി നോട്ടമിട്ടത്. അവിടുന്നങ്ങോട്ട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. അതിനിടെ 10 വർഷത്തെ പ്രേമത്തെ മിന്നുകെട്ടി കൂടെ കൂട്ടുകയും ചെയ്തു. അപ്പുവിൻ്റെ പ്രണയം കാഞ്ചനമാല മാത്രമേ നിഷേധിച്ചുള്ളൂ. പക്ഷെ ടൊവിനോയെ മലയാള സിനിമയും മലയാളി പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു.
തുടക്കകാലത്ത് ഗപ്പിയിലെ എഞ്ചിനീയറുടെ വേഷവും ശ്രദ്ധേയമായിരുന്നു. തേജസ് വർക്കിയെ ആദ്യം വില്ലനായി കണ്ട പ്രേക്ഷകർക്ക് അവസാനം അയാളോട് തോന്നിയ സഹതാപവും ഇഷ്ടവുമെല്ലാം ടൊവിനോയുടെ കരിയറിലെ വഴിത്തിരിവായി. അവിടുന്നങ്ങോട്ട് ടൊവിനോ തെരഞ്ഞെടുത്ത എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായിരുന്നു. മായാനദിയിലെ മാത്തൻ ചെറുപ്പക്കാർക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. മാത്തൻ്റെ പ്രണയവും പ്രണയ തകർച്ചയും വീണ്ടുമുള്ള ഒരുമിക്കലും ഒടുവിലെ ദയനീയമായ മരണവും എല്ലാം ടൊവിനോ അതിഗംഭീരമാക്കി. പിന്നീട് ഇറങ്ങിയ ഒന്നിൽ കൂടുതൽ ചിത്രങ്ങളിൽ ഉണ്ടായിരുന്ന ലിപ്‌ലോക്ക് സീനുകളോടെ പുതിയൊരു പേരും വീണു, ‘ലിപ്‌ലോക്ക് സ്റ്റാർ’.
ഇവിടം കൊണ്ട് അവസാനിച്ചില്ല. 2018 ഇൽ കേരളത്തെ പ്രളയം ഒന്നാകെ വിഴുങ്ങിയപ്പോൾ താര പരിവേഷം അഴിച്ചുവച്ച് സാധാരണക്കാരനിൽ സാധാരണക്കാരനായി ടൊവിനോ റോഡിലേക്കിറങ്ങി. പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി. വസ്ത്രത്തിലും ദേഹത്തും ചേറും ചെളിയും പുരണ്ട്, മഴവെള്ളത്തിലൂടെ സഹായത്തിനായി കരങ്ങൾ നീട്ടുന്നവർക്ക് വേണ്ടി അയാൾ ഓടി നടന്നു. എന്നാൽ, അതിനെയെല്ലാം പി ആർ വർക്ക് എന്ന് പറഞ്ഞ് ട്രോളർമാർ വിമർശിച്ചു, ‘പ്രളയം സ്റ്റാർ ‘ എന്ന് പറഞ്ഞ് പരിഹസിച്ചു. അത് ഏറെ വേദനിപ്പിച്ചു എന്ന് പല അഭിമുഖങ്ങളിലായി താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ അതൊന്നും അഭിനയ ജീവിതത്തെ ബാധിച്ചില്ല.
രാഷ്ട്രീയക്കാരനായും സാധാരണക്കാരനായും കാമുകനായുമെല്ലാം ടൊവിനോ മലയാള സിനിമയിൽ നിറയുകയായിരുന്നു. സിനിമാ ഇൻഡസ്ട്രിയിലെ മുൻ നിര താരങ്ങൾക്കൊപ്പം കിടപിടിക്കുന്ന പെർഫോമൻസ് കാഴ്ചവച്ച് ടൊവിനോ എന്ന യുവ താരം മോളിവുഡിൽ തൻ്റെതായ സ്ഥാനം ഉറപ്പിച്ചു. ട്രോളുകൾ ഏറ്റുവാങ്ങിയ അതേ വർഷം തന്നെ 2018 ൽ താരത്തിൻ്റെ കരിയർ ഗ്രാഫ് ഉയർത്തുന്ന ബിഗ് ബജറ്റ് ചിത്രം പിറന്നു, ‘ലൂസിഫർ’. പടത്തിൻ്റെ സെക്കൻ്റെ ഹാഫിൽ വമ്പൻ ട്വിസ്റ്റുമായെത്തുന്ന ജതിൻ രാംദാസിനെ ടൊവിനോ അതിഗംഭീരമാക്കി. ‘ഉയരെ’യിലെ വിശാലും കോഴിക്കോടിനെ പിടിച്ചു കുലുക്കിയ നിപ്പ വൈറസിനെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിലെ കലക്ടറും ടൊവിനോയുടെ സിനിമാ ജീവിതത്തിലെ സുപ്രധാന കഥാപാത്രങ്ങളാണ്.
തുടർച്ചയായ വിജയങ്ങളെത്തിയതോടെ താരം നിർമാതാവിൻ്റെ കുപ്പായവും അണിഞ്ഞു. മലയാള സിനിമ കാലങ്ങളായി അനുവർത്തിച്ച് വരുന്ന നായക സങ്കൽപങ്ങളുടെ കള പറിക്കലായി രോഹിതിൻ്റെ സംവിധാനത്തിൽ ടൊവിനോ നിർമിക്കുകയും നായകനായി എത്തുകയും ചെയ്ത ‘കള’. ബിംബവൽകൃത ഹീറോയിക് പരിവേഷ നിർമിതിയ്ക്ക് മേലെയും മുഖ്യധാരയുടെ സിനിമാറ്റിക് പൊതുധാരണക്ക് മേലെയുമായിരുന്നു കളയുടെ നിർമിതി. ചിത്രം നിരവധി പുരസ്‌കാരങ്ങളും വാരികൂട്ടി.
2021 ടോവിനോയുടെ സിനിമാ ജീവിതത്തെ മാത്രമല്ല മലയാള സിനിമയുടെ തന്നെ ചരിത്രത്തിലേക്ക് ഒരു നാഴികകല്ല് എഴുതി ചേർക്കപ്പെട്ട വർഷമാണ്. ഹോളിവുഡിന് സ്‌പൈഡർമാനും ബാറ്റ്മാനും അയൺമാനും പോലെ ബോളീവുഡിന് ശക്തിമാനും സൂപ്പർ മാനും പോലെ മലയാളത്തിനും ഒരു സൂപ്പർ ഹീറോ ജന്മം കൊണ്ട വർഷം. ബേസിൽ ജോസഫിൻ്റെ സംവിധാനത്തിൽ ടൊവിനോ സൂപ്പർ ഹീറോ കഥാപാത്രത്തെ അവതരിപ്പിച്ച ‘ മിന്നൽ മുരളി’ യുടെ പിറവി. മലയാളത്തിൻ്റെ പക്കാ ലോക്കൽ സൂപ്പർ സ്റ്റാർ. കുറുക്കൻ മൂലയിലെ പരിഷ്കാരിയായ ടൈലർ ജയ്സൺ, ഇടിമിന്നൽ ഏൽക്കുന്നതോടെ സൂപ്പർ ഹീറോയായി മാറുന്നതും പിന്നീട് ഉണ്ടാവുന്ന സംഭവ വികാസങ്ങളുമായിരുന്നു പശ്ചാത്തലം. സാധാരണക്കാരനായ ഈ അസാധാരണക്കാരൻ നെറ്റ്ഫ്ലിക്സിലൂടെ ലോകത്തിന് മുന്നിൽ വരവറിയിച്ച് പുതുചരിത്രം സൃഷ്ടിച്ചു. ടൊവിനോയുടെ ജീവിതം മാത്രമല്ല ഈ സിനിമ മാറ്റി മറിച്ചത്. അംഗീകാരങ്ങളുടെയും പ്രശംസകളുടെയും പെരുമഴയായിരുന്നു ‘മിന്നൽ മുരളി’ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി ക്രീയേറ്റീവ് അവാർഡ് സംവിധായകൻ ബേസിലിനെയും തേടിയെത്തി.
അടുത്ത വർഷം തന്നെ മറ്റൊരു ഇൻഡസ്ട്രി ഹിറ്റുമായി ടൊവിനോ വീണ്ടുമെത്തി. ഇത്തവണ പക്ഷെ ട്രാക്ക് വേറെയായിരുന്നു. യൂത്തന്മാരുടെ ഇടയിലേക്ക് മണവാളൻ വസിം ‘തല്ലുമാല’യിലൂടെ തരംഗം സൃഷ്ടിച്ചു. മലയാള സിനിമ ഇന്ന് വരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ ചിത്രം. ഇതേ വർഷം തന്നെ വിശ്വവിഖ്യാതനായ എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ നീല വെളിച്ചം എന്ന നോവലിനെ ആസ്പദമാക്കി ആഷിഖ് അബു ‘നീലവെളിച്ചം’ സംവിധാനം ചെയ്തു. ബഷീറായി എത്തിയത് ടൊവിനോ. അവിടെയും വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് താരം മികച്ചു നിന്നു.
വർഷം 2023, സമൂഹമാധ്യമങ്ങളിലൂടെ പിആർ വർക്ക് എന്ന് പറഞ്ഞ് കളിയാക്കിയവർക്കും വിമർശിച്ചവർക്കും മുന്നിൽ അതേ വേഷമണിഞ്ഞ് ടൊവിനോ വീണ്ടും വെള്ളിത്തിരയിലെത്തി. ഇത്തവണ പക്ഷെ ‘പ്രളയം സ്റ്റാർ’ എന്ന് കളിയാക്കി വിളിച്ചവരെ കൊണ്ട് തന്നെ അഭിമാനത്തോടെ ‘മലയാള സിനിമയുടെ റിയൽ സ്റ്റാർ’ എന്ന് പറയിപ്പിച്ചു. ജീവിതത്തിൽ ഉണ്ടായ പ്രളയ സമയത്ത് പ്രശസ്തിയോ പ്രതിഫലമോ ആഗ്രഹിക്കാതെ ചെയ്തത് അതേ കുപ്പായമണിഞ്ഞുകൊണ്ട് സിനിമയിലും ടൊവിനോ ചെയ്തു. കൂവിയവരെക്കൊണ്ട് തന്നെ കയ്യടിപ്പിച്ച ഒരു മധുര പ്രതികാരം. അതായിരുന്നു ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന ജൂഡ് ആൻ്റണി ചിത്രം.
ഏഷ്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ടൊവിനോ ആംസ്റ്റർഡാമിലെ സെപ്റ്റിമിയസ് അവാർഡ് വേദിയിൽ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾ മലയാള സിനിമയ്ക്ക് മാത്രമല്ല, ഇന്ത്യൻ സിനിമയുടെ കൂടി ചരിത്രത്തിലേക്ക് എഴുതി ചേർക്കപ്പെട്ട പൊൻതൂവലായി, അഭിമാനമായി, സ്വകാര്യ അഹങ്കാരമായി ടൊവിനോ തോമസ് എന്ന 34 കാരൻ മാറി. ഇരട്ടി മധുരമെന്നോണം തൊട്ടടുത്ത ദിവസം തന്നെ ഈ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി ‘2018’ എന്ന സിനിമ തെരഞ്ഞെടുക്കപ്പെടുക കൂടി ചെയ്തതോടെ ഈ യുവ താരം ഇൻ്റർനാഷണൽ സ്റ്റാർ ആയി മാറി.
കർഷക കുടുംബത്തിൽനിന്ന് സിനിമ മോഹവുമായി എത്തിയ ഒരു യുവാവ് ലോക സിനിമയുടെ നെറുകയിൽ മലയാള സിനിമയെയും ഇന്ത്യൻ സിനിമയെയും കൈ പിടിച്ചുയർത്താനുളള ഓട്ടത്തിലാണ്. ടൊവിനോ എന്ന വ്യക്തിയിൽനിന്നും കഥാപാത്രങ്ങളിലേക്ക്. വരാനിരിക്കുന്നത് ‘അജയന്റെ രണ്ടാം മോഷണം’,’അദൃശ്യ ജാലകങ്ങൾ’ എന്നീ ചിത്രങ്ങളാണ്. ഇനിയും വെള്ളിത്തിരയിൽ അയാൾ വിസ്മയം തീർക്കുമെന്ന സൂചനകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. അതിനുമപ്പുറം ആരാധകർ മറ്റൊരു കാത്തിരിപ്പിലാണ്. ആ സുവർണ നിമിഷത്തിന് വേണ്ടി. ചരിത്ര മുഹൂർത്തത്തിന് വേണ്ടി. ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു …….’