റിലീസിനൊരുങ്ങി ദിലീപ്-രതീഷ് രഘുനന്ദൻ ചിത്രം ‘തങ്കമണി’. വർഷങ്ങള്‍ക്കു മുമ്പ് ഇടുക്കി ജില്ലയിലെ തങ്കമണി എന്ന സ്ഥലത്ത് ഉണ്ടായ നടുക്കുന്ന സംഭവത്തിന്‍റെ ദൃശ്യാവിഷ്‍കാരമാണ് ചിത്രം. മാർച്ച് 7ന് നാടിനെ നടുക്കിയ സംഭവം തിയ്യറ്ററുകളിൽ എത്തും. ദിലീപിന്‍റെ 148-ാം ചിത്രമാണ് ‘തങ്കമണി’. ചിത്രത്തിൽ ഇതുവരെ കാണാത്ത രണ്ട് കാലഘട്ടങ്ങളിലുള്ള ലുക്കിലാണ് താരം എത്തുന്നത്.
കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറെ ചരിത്രപ്രാധാന്യമുള്ളൊരു സംഭവമാണ് സിനിമ പറയുന്നത്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ മലയാള ചിത്രം ‘ഉടലി’ന് ശേഷം രതീഷ് രഘുനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എൺപതുകളിൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന പൊലീസ് നരനായാട്ടിന്‍റെ ഓർമകള്‍ കേരള ചരിത്രത്തിലെ നടുക്കുന്ന ഒരേടാണ്. 1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.
സൂപ്പർ ഗുഡ് ഫിലിംസിന്‍റെ ബാനറിൽ ആർ.ബി. ചൗധരി, ഇഫാർമീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നീത പിളള, തെന്നിന്ത്യൻ താരം പ്രണിത സുഭാഷ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൂടാതെ മലയാളത്തിലേയും, തമിഴിലേയും വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.