തമിഴ് നടൻ വിജയ്‌യുടെ വായനശാലാ പദ്ധതിക്ക് തുടക്കമായി. ‘ദളപതി വിജയ് ലൈബ്രറി’ എന്നാണ് പദ്ധതിയ്ക്ക് നൽകിയിരിക്കുന്ന പേര്. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കമാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാല തുടങ്ങാനാണ് സംഘടനയുടെ തീരുമാനം.
വിദ്യാർഥികളിൽ വായനശീലവും പൊതുവിജ്ഞാനവും വളർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നേതാക്കന്മാരുടെ ചരിത്രം, പൊതുവിജ്ഞാന പുസ്തകങ്ങൾ, ചരിത്ര കഥകൾ എന്നിവ വായനശാലയിൽ ഉണ്ടാവും.
ആദ്യഘട്ടത്തിൽ 11 ഇടങ്ങളിൽ വായനശാല ആരംഭിക്കും. ചെന്നൈ, കൃഷ്ണഗിരി, അരിയല്ലൂർ, നാമക്കൽ, വെല്ലൂർ ജില്ലകളിലായാണ് വായനശാലകൾ പ്രവർത്തിക്കുക. ഇതിന് ശേഷം തിരുനെൽവേലിയിൽ അഞ്ചും കോയമ്പത്തൂർ ജില്ലയിൽ നാലും ഇറോഡ് ജില്ലയിൽ മൂന്നും തെങ്കാശിയിൽ രണ്ടും പുതുക്കോട്ട, കരൂർ, ശിവഗംഗ, ദിണ്ടിക്കൽ വെസ്റ്റ് എന്നിവിടങ്ങളിൽ ഒന്നുവീതവും ഉൾപ്പെടെ 21 വായനശാലകൾ രണ്ടാംഘട്ടത്തിൽ ആരംഭിക്കും.