രജനികാന്ത് നായകനായി എത്തുന്ന തമിഴ് ചിത്രം ‘ജയിലറി’ന്റെ ടീസര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് നിർമാതാക്കളായ സൺ പിക്ചേഴ്സ് പ്രമൊ ടീസർ പുറത്ത് വിട്ടത്. ഓഗസ്റ്റ് 10ന് ചിത്രം തിയറ്റുകളിൽ പ്രദർശനത്തിനെത്തും. പ്രമൊ ടീസറിൽ മോഹൻലാൽ, ശിവ രാജ്കുമാർ, വിനായകൻ, സുനിൽ, രമ്യ കൃഷ്ണൻ, ജാക്കി ഷ്റോഫ്, യോഗി ബാബു, തമന്ന എന്നിവരെ കാണാൻ സാധിക്കും. ടീസറിന്റെ അവസാനം സ്റ്റൈലിഷ് ലുക്കിൽ രജനിയും എത്തുന്നുണ്ട്.
മോഹൻലാൽ വേറിട്ട ലുക്കിലും വിനായകൻ വില്ലന്റെ വേഷത്തിലുമാണ് ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തെയാണ് ജയിലറിൽ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും മറ്റൊരു കൂറ്റന്‍ സെറ്റ് ഒരുക്കിയുമായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.
നയൻതാര കേന്ദ്ര കഥാപാത്രമായെത്തിയ കോലമാവ് കോകിലയാണ് സംവിധായകൻ നെല്‍സന്റെ ആദ്യ ചിത്രം. ആദ്യ സിനിമ കൊണ്ട് തന്നെ തമിഴകത്ത് ശ്രദ്ധനേടിയ സംവിധായാകനാണ് ഇദ്ദേഹം. നെൽസണ്‍ കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്ത്തികേയന് നായകനായെത്തിയ ‘ഡോക്ടര്‍’ ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആണ്. എന്നാൽ ‘ബീസ്റ്റ്’ പരാജയമായിരുന്നു. ‘ജയിലറി’ലൂടെ വൻ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍.