അടുത്തിടെ ബോളിവുഡിൽ നേരിട്ട അവഗണനയേക്കുറിച്ചും സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ അനുഭവിക്കേണ്ടിവന്ന പ്രതിസന്ധികളേക്കുറിച്ചും നടി പ്രിയങ്കാ ചോപ്ര നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ സമാനമായ രീതിയിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡിലെ ജനപ്രിയ നായികയായ തപ്സി പന്നു. ബോളിവുഡിൽ പക്ഷാഭേദവും ചില ക്യാമ്പുകളും ഉണ്ടെന്നാണ് തപ്സി തുറന്ന് പറഞ്ഞിരിക്കുന്നത്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തപ്സി പന്നു തുറന്ന് പറച്ചിൽ നടത്തിയത്. നടി സിനിമയിൽ എത്തിയിട്ട് പത്തുവർഷമായി. ബോളിവുഡിലുള്ള ക്യാമ്പുകളേക്കുറിച്ച് ആളുകൾക്ക് കൃത്യമായി അറിയാം. അത് എക്കാലവും ഉണ്ടെന്നും തപ്സി പറഞ്ഞു. അത്തരം ക്യാമ്പുകൾ ഒരു അഭിനേതാവിന്റെ സുഹൃദ് വലയത്തെയും അവർ ഭാഗമായ ഒരു പ്രത്യേക ഏജൻസിയെയോ അല്ലെങ്കിൽ ഗ്രൂപ്പിനെയോ അടിസ്ഥാനമാക്കി ഉള്ളതുമാകാം. ഇതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തരും മറ്റൊരാളോട് കാണിക്കുന്ന കൂറ് വ്യത്യസ്തമായിരിക്കുമെന്നും തപ്സി ചൂണ്ടിക്കാട്ടി.
ഓരോരുത്തർക്കും അവരുടെയെല്ലാം സിനിമകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം തീർച്ചയായും ഉണ്ടായിരിക്കണം. സ്വന്തം ഭാവിയെ കുറിച്ച് ചിന്തിച്ചതിൽ അവരെ കുറ്റപ്പെടുത്താനാവില്ല. സിനിമാ മേഖലയിൽ എല്ലാം നല്ലരീതിയിൽ നടക്കുന്നു എന്ന കാഴ്ചപ്പാടൊന്നും ഒരിക്കലുമില്ല. ഇവിടം പക്ഷപാതം കൊണ്ട് നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ പലപ്പോഴും കാര്യങ്ങൾ അനുകൂലമായിരിക്കില്ല. അതിനെക്കുറിച്ച് പിന്നീട് പരാതിപ്പെടാൻ ആർക്കും കഴിയുകയുമില്ല എന്നും തപ്സി കൂട്ടിച്ചേർത്തു.
ഓരോ സിനിമയിൽ പ്രവർത്തിക്കുമ്പോഴും സ്വയം തെളിയിക്കാൻ ഒരുപാട് പാടുപെടേണ്ടി വരും. ഒരു വിജയചിത്രം ഉള്ളത് പോലെയല്ല അടുത്ത 10 വർഷം ക്രമീകരിക്കുക. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെ ഈ ഇൻഡസ്ട്രിയിലേക്ക് വരുന്നവരിൽ അങ്ങനെ സംഭവിക്കാറുമില്ല. സ്വന്തം നില പണിതുയർത്തുവാൻ സ്വയം അധ്വാനിച്ചുകൊണ്ടെയിരിക്കണമെന്നും തപ്സി വ്യക്തമാക്കി. രാജ്കുമാർ ഹിറാനിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനാവുന്ന ‘ഡങ്കി’യാണ് തപ്സിയുടെ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ ചിത്രം.