ആരോഗ്യം നിലനിർത്താനും രോഗങ്ങളിൽ നിന്നും രക്ഷനേടാനുമുള്ള ഉത്തമ മാർഗമാണ് വ്യായാമം. ശാരീരികാധ്വാനം കുറഞ്ഞ ജീവിതരീതിയിലേയ്ക്ക് മനുഷ്യൻ മാറിയതോടെ വ്യായാമം ദൈനംദിന ജീവിതത്തിൽ അത്യാവശ്യമാണ് എന്നുവേണം പറയാൻ. വർക്കൗട്ടിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലാത്ത താരമാണ് നടി ജ്യോതിക. താരത്തിന്റെ വർക്ക്ഔട്ട് വീഡിയോകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തു.
തന്റെ ആരോഗ്യത്തേക്കുറിച്ച് അതീവ ശ്രദ്ധ പുലർത്തുന്ന ജ്യോതിക അതികഠിനമായ വ്യായാമ മുറകളാണ് ദിവസേന ചെയ്തുവരുന്നത്. അവയൊക്കെ ആരാധകരുമായി പങ്കിടാറുമുണ്ട് താരം. ഫിറ്റ്നസ് എന്നതുകൊണ്ട് ശരീരഭാരം കുറയ്ക്കുക മാത്രമല്ല, നമ്മൾ നേടിയെടുക്കുന്ന ജീവിതം കൂടിയാണ് എന്ന കുറിപ്പോടെ താരം കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോ 7.5 മില്യൺ പേരാണ് കണ്ടത്. പുഷ്അപ് മുതൽ ബാറ്റിൽ റോപ് വ്യായാമം വരെ താരം അതിൽ ഉൾപ്പെടുത്തിയിരുന്നു.
ഒരോ ദിവസവും പല വിധത്തിലുള്ള വ്യായാമങ്ങളാണ് ജ്യോതിക ചെയ്തുവരുന്നത്. ഇവയൊക്കെ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ. ഇതെന്താ ഗുസ്തിക്ക് പോവുകയാണോ എന്നാണ് പലരുടെയും ചോദ്യം. കാരണം അത്രമാത്രം ആത്മാർത്ഥതയോടെയാണ് ജ്യോതിക വ്യായാമങ്ങൾ ചെയ്തുവരുന്നത്. താരത്തിന്റെ വർക്ക്ഔട്ട് വീഡിയോ കണ്ട് വ്യായാമം ശീലമാക്കിയവരും നിരവധിയാണ്.