സിനിമാ- സീരിയൽ രംഗത്തും അവതാരികയായും തിളങ്ങി നിൽക്കുന്ന താരമാണ് സ്വാസിക. വിവാഹശേഷവും സ്വാസികയ്ക്ക് തിരക്കോട് തിരക്കാണ്, ഭർത്താവിനെ അനുസരിച്ച് കഴിയുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്ന് സ്വാസിക വിവാഹത്തിന് മുൻപ് പറഞ്ഞിരുന്നു. എന്നാൽ തന്റെ ഭർത്താവ് പ്രേം ജേക്കബ് അങ്ങനെയൊരാളേ അല്ലെന്നാണ് സ്വാസിക ഇപ്പോൾ പറയുന്നത്. ഭർത്താവിനെക്കുറിച്ച് സ്വാസിക പറയുന്നത് ഇങ്ങനെയാണ്.
ഭർത്താവ് പ്രേമിന് യാതൊരു ടെൻഷനുമില്ല, ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ലെന്നാണ് സ്വാസിക പറയുന്നത്. ഞാൻ എല്ലാ കാര്യങ്ങളും ഓവറായി എക്സ്പ്രസ് ചെയ്യുന്ന ആളാണ്. എന്നാൽ പ്രേം ജേക്കബ് അങ്ങനെയല്ല. താൻ പെെങ്കിളി റൊമാന്റിക് ആളാണെങ്കിലും പ്രേം അങ്ങനെയല്ലെന്ന് സ്വാസിക പറയുന്നു.
ഇപ്പോഴത്തെ ജനറേഷനിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് പ്രേമിനെ പോലെയൊരു ഭർത്താവിനെയാണ്. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്ന ആളാണ് പ്രേം. എന്നാൽ ഭർത്താവിന്റെ പ്ലേറ്റ് കഴുകാനൊക്കെ എനിക്ക് ഇഷ്ടമാണ്. ചെറിയ പ്രായത്തിൽ തന്നെ എനിക്കതിന് ആഗ്രഹം ഉണ്ടായിരുന്നു. പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പുന്ന ഭാര്യയാകാൻ. കഴിക്കുന്ന സമയത്ത് ഞാൻ നോക്കിയിരിക്കും. നീ കഴിച്ച് കഴിഞ്ഞില്ലേ, പോയി കൈ കഴുകിക്കൂടെ എന്ന് പ്രേം ചോദിക്കും. പങ്കാളിയെ ഒരു രീതിയിലും ബുദ്ധിമുട്ടിക്കാൻ പാടില്ലെന്ന ചിന്താഗതിക്കാരനാണ് പ്രേമെന്നും സ്വാസിക പറയുന്നു. പ്രേമിന്റെ അച്ഛന് അമ്മ തന്നെ ഭക്ഷണം ഉണ്ടാക്കണം. എല്ലാവർക്കും അമ്മയുണ്ടാക്കും. അച്ഛന്റെ ഭക്ഷണക്കാര്യത്തിൽ അമ്മയ്ക്ക് നിർബന്ധമുണ്ടെന്നും സ്വാസിക പറയുന്നു. പ്രേമിന്റെ അമ്മയ്ക്ക് അടുക്കളയിൽ നമ്മൾ ഒന്നും ചെയ്ത് കൊടുക്കേണ്ട. പക്ഷെ സംസാരിക്കാൻ അടുത്ത് വന്ന് നിന്നാൽ മതി. താൻ അമ്മയോടൊപ്പം നിന്ന് സംസാരിക്കുന്നത് പ്രേമിന് ഇഷ്ടമാണെന്ന് തോന്നുന്നെന്നും സ്വാസിക ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.