നടൻ സൂര്യയും സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിക്കുന്നു. സൂര്യയുടെ 44-ാം ചിത്രത്തിനുവേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. വ്യാഴാഴ്ച അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള സൂര്യയുടെ പോസ്റ്റ് കണ്ട് ആവേശത്തിലാണ് ആരാധകർ.
‘സൂര്യ 44’ എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ‘ലവ്, ലോഫർ, വാർ’ എന്നതാണ് സിനിമയുടെ ടാഗ് ലൈൻ. പുതിയ തുടക്കം എന്നാണ് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് സൂര്യ എഴുതിയിരിക്കുന്നത്. അതേയ്സി നിമയുടെ കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കാർത്തിക് സുബ്ബരാജും സോഷ്യൽ മീഡിയ പേജിൽ അനൗൺസ്മെന്റ് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചേർന്നാണ് ‘സൂര്യ 44’ നിർമിക്കുന്നത്.
എസ്.ജെ.സൂര്യയും രാഘവാ ലോറൻസും മുഖ്യവേഷങ്ങളിലെത്തിയ ജിഗർതണ്ട-2 ആയിരുന്നു കാർത്തിക് സുബ്ബരാജിന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. തിയേറ്ററിൽ മികച്ച വിജയംനേടിയ സിനിമ ഒ.ടി.ടിയിലെത്തിയപ്പോഴും ഏറെ പ്രേക്ഷകപ്രശംസ നേടിയിരുന്നു. ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവാ’ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.