സിനിമ നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ. കേന്ദ്രസര്‍ക്കാര്‍ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സുരേഷ് ഗോപിയ്ക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷ ചുമതല ഉണ്ടാവുക. കൂടാതെ ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ചുമതലയും സുരേഷ ഗോപി ഇക്കാലയളവില്‍ നിര്‍വഹിക്കും.
സുരേഷ് ഗോപിയുടെ അനുഭവ സമ്പത്തും സിനിമാറ്റിക് മികവും ഇന്‍സ്റ്റിറ്റ്യൂട്ടിനെ കൂടുതല്‍ സമ്പന്നമാക്കും. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ എന്നും മന്ത്രി എക്‌സില്‍ കുറിച്ചു. ഫലവത്തായ ഒരു ഭരണകാലയളവ് ആശംസിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം സെപ്തംബര്‍ ഒന്നിന് നടനും സംവിധായകനുമായ ആര്‍ മാധവനെ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി 2023 മാര്‍ച്ച് 3 ന് അവസാനിച്ചതോടെയാണ് താരത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തത്.