മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ പൃഥ്വിരാജിന് വൻ സർപ്രൈസ് ഒരുക്കി ഭാര്യ സുപ്രിയ മേനോൻ. മനോഹരമായ പിങ്ക് പൂക്കളുടെ ഒരു ബൊക്കേയും കേക്കും സമ്മാനിച്ചാണ് സുപ്രിയ ഭർത്താവിന്റെ നേട്ടം ആഘോഷമാക്കിയത്.
‘ഞങ്ങളുടെ ആടിന് ആശംസകൾ’ എന്ന കുറിപ്പോടെയാണ് സുപ്രിയ ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കിട്ടത്. ആടുജീവിതത്തിന് വേണ്ടി 72 മണിക്കൂറോളം തുടർച്ചയായി ഭക്ഷണം കഴിക്കാതെയിരിക്കുകയും വെള്ളവും കാപ്പിയും മാത്രം കുടിച്ചുമാണ് നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് മാറിയത്. 31 കിലോയോളം ഭാരമാണ് ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.
ആടുജീവിതത്തിനൊപ്പം പൃഥ്വിരാജ് കടന്നുപോയ അതികഠിനമായ പരിശ്രമങ്ങൾക്ക് ഒപ്പം പിന്തുണയുമായി നിന്ന വ്യക്തിയാണ് സുപ്രിയ. അതുകൊണ്ടുതന്നെ പൃഥ്വിരാജിന്റെ നേട്ടം വളരെ സന്തോഷത്തോടെയാണ് സുപ്രിയ ആഘോഷിച്ചത്. ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതത്തിന് മികച്ച നടനുള്ള പുരസ്കാരം ഉൾപ്പെടെ 9 പുരസ്കാരങ്ങളാണ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ ലഭിച്ചത്.