മഴ ശക്തമായതോടു കൂടി സമസ്ത ചലച്ചിത്ര അവാർഡ് സമർപ്പണ ചടങ്ങ് മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയ്ക്കടക്കം റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം. ബുധനാഴ്ച തിരുവനന്തപുരം നിഷാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടത്താൻ ഇരിക്കവേയാണ് മഴ ശക്തി പ്രാപിച്ചത്.
മെയ് 27 നാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ‘ ആർക്കറിയാം ‘ എന്ന ചിത്രത്തിലൂടെ ബിജു മേനോനും ‘ഫ്രീഡം ഫൈറ്റ് ‘, ‘മധുരം’, ‘നായാട്ട് ‘ തുടങ്ങിയ ചിത്രത്തിലൂടെ ജോജു ജോർജും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ‘ഭൂതകാലത്തിലെ’ അഭിനയത്തിലൂടെ രേവതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനായി ദിലീഷ് പോത്തനെയും , മികച്ച ചിത്രമായി ‘ ആവാസ വ്യൂഹവും ‘ തിരഞ്ഞെടുത്തു. ക്രിഷാന്താണ് മികച്ച തിരക്കഥാകൃത്ത്. സിതാര കൃഷ്ണകുമാറിനെയും പ്രദീപ് കുമാറിനെയും ഗായിക ഗായകന്മാരായും തിരഞ്ഞെടുത്തു.
ഹിന്ദി ചലച്ചിത്ര സംവിധായകൻ സയ്യിദ് അഖ്തർ മിർസയായിരുന്നു ജൂറി ചെയർമാൻ. അവാർഡ് സമർപ്പണ ചടങ്ങിന്റെ പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വി എൻ വാസവൻ അറിയിച്ചു.