തൂലികത്തുമ്പിൽ വിരിയുന്ന വാക്കുകൾക്ക് മനുഷ്യ വികാരങ്ങളെ നിർവചിക്കാൻ കഴിയുമോ? ശ്രീകുമാരൻ തമ്പിയുടെ ഓരോ വാചകത്തിനും അതിന് കഴിയുമെന്നാണ് ഉത്തരം. അദ്ദേഹത്തിന്റെ വർഷങ്ങൾ നീണ്ട സംഗീത പ്രയാണത്തിൽ മലയാളത്തിനു ലഭിച്ചത് എണ്ണമറ്റവിധം അനശ്വരഗാനങ്ങൾ. പ്രണയവും, വിരഹവും, വേദനയും, സന്തോഷവുമെല്ലാം ഈ തൂലികത്തുമ്പിൽ ഭദ്രം. അനശ്വര ഗാനങ്ങളുടെ അമരക്കാരൻ ശ്രീകുമാരൻ തമ്പി ഇന്ന് ശതാഭിഷേകത്തിന്റെ നിറവിലാണ്.
18ആമത്തെ വയസ്സിൽ ജീവിതത്തിലെ പ്രണയത്തെക്കുറിച്ച്, പ്രിയപ്പെട്ടവളെക്കുറിച്ച് ആദ്യ പ്രണയഗാനം എഴുതി ശ്രീകുമാരൻ തമ്പി സാഹിത്യലോകത്തേക്ക് കടന്ന് വന്നു. ഇരുപതാമത്തെ വയസ്സിൽ ആദ്യത്തെ കവിതാസമാഹാരമായ ‘ഒരു കവിയും കുറേ മാലാഖമാരും’ പ്രസിദ്ധപ്പെടുത്തി. എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ജോലിയ്ക്ക് കയറിയപ്പോഴും കഥകളും കവിതകളും ശ്രീകുമാരൻ തമ്പിയുടെ സന്തതസഹചാരികളായിരുന്നു. ജോലിയേക്കാൾ സ്നേഹം എഴുത്തിനോടായതുകൊണ്ട് പിന്നീട് ജോലി രാജിവച്ച് മുഴുവൻ സമയ സാഹിത്യകാരനായി. മലയാള സിനിമയ്ക്ക് ജീവൻ തുടിക്കുന്ന ഗാനങ്ങൾ രചിക്കാൻ അനശ്വരനായ കവി ജന്മം കൊണ്ട നിമിഷമായിരുന്നു അത്.
പ്രണയാതുരമായ വരികൾ കൊണ്ട് ദശാബ്ദങ്ങൾ കീഴടക്കിയ പ്രതിഭ ജീവിതത്തിന്റെ ലഹരിയായി കണ്ടത് സംഗീതത്തെ മാത്രമാണ്. പ്രണയത്തെ ഇത്രയും മനോഹരമായി വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ ശ്രീകുമാരൻ തമ്പിയ്ക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് മലയാള സിനിമ വിധിയെഴുതി. വരികളിൽ പ്രണയം തുളുമ്പുന്ന, വാക്കുകൾ കൊണ്ട് പ്രണയിക്കുന്ന ഹൃദയഗീതങ്ങളുടെ കവി. ആസ്വാദകരുടെ നാവിൻ തുമ്പിൽ ഇന്നും ഇടവേളകളില്ലാതെ വിരുന്നെത്തുന്ന സൃഷ്ടികളിൽ ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഹൃദയത്തിലാണ് സ്ഥാനം. “ഹൃദയ സരസ്സിലേ… പ്രണയപുഷ്പമേ… ഇനിയും നിൻ കഥ പറയൂ…. ” പറയാം.
വെള്ളിത്തിരയിൽ പ്രേം നസീറിന്റെയും സത്യൻ മാഷിന്റെയും മധുവിന്റെയും ഷീലയുടെയും ശാരദയുടെയും ശ്രീവിദ്യയുടെയും ജയഭാരതിയുടെയും ജയന്റെയുമെല്ലാം ചുണ്ടിൽ പ്രണയവും വിരഹവുമായി വിരിഞ്ഞ വരികൾ ശ്രീകുമാരൻ തമ്പിയുടെ നഷ്ട പ്രണയത്തിന്റെ വിങ്ങുന്ന ഓർമകളാണ്. ‘ഹൃദയമൊരു ക്ഷേത്രത്തിൽ’ തന്നെ വിട്ടകന്ന പ്രണയത്തെ ഓർത്ത് അദ്ദേഹം ഇങ്ങനെ എഴുതി,
“മംഗളം നേരുന്നു ഞാൻ… മനസ്വിനി, മംഗളം നേരുന്നു ഞാൻ… അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയ് നീ എങ്കിലും എന്നും… മംഗളം നേരുന്നു ഞാൻ… ”
എക്കാലത്തെയും മികച്ച പ്രണയ കാവ്യം, പത്മരാജന്റെ ‘തൂവാനത്തുമ്പികളി’ലൂടെ ജയകൃഷ്ണന്റെയും രാധയുടെയും ഒന്നാംരാഗം പാടി വന്ന് ഒന്നിനെ മാത്രം തേടി വടക്കും നാഥന്റെ മുന്നിൽ എത്തിയപ്പോഴും പറയാതെ പറഞ്ഞത് പ്രണയം തന്നെയായിരുന്നു. ഒരിക്കൽ നീ ചിരിച്ചാൽ ഓർമകളിൽ പൗർണമി തുളുമ്പുമെന്നും ചുംബനങ്ങൾ ഉതിരുമെന്നും ‘അപ്പു’വിൽ എഴുതിയപ്പോൾ തൊണ്ണൂറുകളിലെ കമിതാക്കളുടെ ഹൃദയത്തിലേക്കാണ് ആ ഗാനം തുളച്ചു കയറിയത്. ഗോപീ ചന്ദനകുറിയണിഞ്ഞ് ഗോമതിയായി മുന്നിൽ വന്നവളെക്കുറിച്ചെഴുതിയപ്പോഴും വരികളിൽ നിറഞ്ഞു നിന്നത് ഒന്നു മാത്രം, പ്രണയം.
പ്രേമം പുഞ്ചിരി തൂകിയ അതേ തൂലിക തന്നെ കേളികൊട്ടുയരുന്ന കേരളത്തെക്കുറിച്ചും വാനോളം പുകഴ്ത്തി. ഓരോ വരിയിലും നാടിന്റെ സൗന്ദര്യം നിറഞ്ഞു നിൽക്കുകയായിരുന്നു. ചന്ദനത്തിൽ കടഞ്ഞെടുത്ത സുന്ദരീശിൽപവും ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനും വിരിഞ്ഞ വിരൽത്തുമ്പുകളിൽ ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എത്തിയപ്പോൾ അത് മലയാളികളുടെ ജീവരാഗമായി മാറി. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരുമെന്നും കരയുമ്പോൾ കൂടെ കരയാൻ നിഴൽ മാത്രമേ വരികയുള്ളു എന്ന സത്യവും ശ്രീകുമാരൻ തമ്പി വരികളിലൂടെ പറഞ്ഞുവച്ചു. സുഖം വിരുന്നുകാരനാണെന്നും ദുഃഖം പിരിയാത്ത സ്വന്തക്കാരനാണെന്നുമുള്ള അർഥവത്തായ വരികൾ ആ കലാഹൃദയം കടലാസിൽ പകർത്തിയിട്ടിട്ട് ദശകങ്ങളായി.
പിന്നീട് തന്റെ പേനത്തുമ്പിന് പ്രണയവും നൊമ്പരവും മാത്രമല്ല ഒരു തലമുറയെ ആകെ കയ്യിലെടുക്കാനുള്ള മാദകശക്തിയുമുണ്ട് എന്ന് തെളിയിച്ചു, ജോൺ ജോണി ജാഫർ എന്ന ഗാനത്തിലൂടെ. നീണ്ട ഇടവേളയ്ക്കു ശേഷം 2015 ൽ അമ്മയ്ക്കൊരു താരാട്ടിലൂടെ ശരിയേത് തെറ്റേതെന്ന് ആവർത്തിച്ചപ്പോഴും മലയാളികള്‍ അതു കേട്ടത് പൂർണ്ണമായും ഹൃദയം സമർപ്പിച്ചുകൊണ്ടാണ്. മൂവായിരത്തിലധികം ഗാനങ്ങൾ, നിരവധി പുരസ്‌കാരങ്ങൾ, ചലച്ചിത്രങ്ങൾക്ക് പുറമേ, ടെലിവിഷൻ പരമ്പരകൾക്ക് വേണ്ടിയും സംഗീത ആൽബങ്ങൾക്ക് വേണ്ടിയും ശ്രീകുമാരൻ തമ്പി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മുപ്പത് സിനിമകൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം എഴുപത്തെട്ട് സിനിമകൾക്കു വേണ്ടി തിരക്കഥയെഴുതിയിട്ടുമുണ്ട്. ഇരുപത്തിരണ്ട് ചലച്ചിത്രങ്ങളും ആറ് ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു. നാല് കവിതാസമാഹരങ്ങളും രണ്ടു നോവലുകളും രചിച്ചു. എങ്കിലും, ശ്രീകുമാരൻ തമ്പിയ്ക്ക് ഏറെ ഇഷ്ടം ഇത് മാത്രമായിരിക്കും, വരികൾകൊണ്ട് ജീവിതം നെയ്യുന്ന പ്രക്രിയ, പാട്ടെഴുത്ത്.
“കൂട്ടിരിക്കാന്‍ പാട്ടുകളുണ്ട് …
ഓര്‍ത്തുവച്ച രാഗങ്ങളുണ്ട്
ഇന്നുമെന്നില്‍ സ്വപ്‌നങ്ങള്‍ തന്‍
തൊങ്ങലുകള്‍ ബാക്കിയുണ്ട് ”
താരപരിചയം
എഴുത്ത് : ദീപിക ചന്ദ്രൻ