കായികലോകത്തെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഏഷ്യാ കപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ശ്രീലങ്കയിലെ പല്ലെക്കലെ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് വാശിയേറിയ പേരാട്ടം നടക്കുക. 2019 ലോകകപ്പിന് ശേഷം ഇന്നാണ് ഏകദിനത്തിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്തെറിഞ്ഞ പാകിസ്താൻ വിജയം ആവർത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യയ്ക്കെതിരെ മത്സരിക്കാനിറങ്ങുന്നത്. എന്നാൽ പാകിസ്താനെ കീഴടക്കി ടൂർണമെന്റിൽ കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ.
കെ.എൽ രാഹുൽ പരിക്കേറ്റ് ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് പുറത്തായതിനാൽ പകരം ആരെ കളിപ്പിക്കുമെന്നതാണ് ഇപ്പോഴത്തെ ഇന്ത്യയുടെ പ്രതിസന്ധി. വിക്കറ്റ് കീപ്പർ ഇഷൻ കിഷാനാണ് സാധ്യത കൂടുതലെങ്കിലും താരത്തെ ഏത് പൊസിഷനിൽ ബാറ്റിങ്ങിന് ഇറക്കുമെന്ന ആശയക്കുഴപ്പത്തിലാണ് അധികൃതർ. രോഹിതിനും കോലിക്കും സൂര്യകുമാറിനും പുറമെ പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യരും പ്ലെയിങ് ഇലവനിൽ വന്നേക്കാം. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് സഖ്യത്തിന്റെ പേസ് ബോളിങും ഇന്ന് പരീക്ഷിക്കപ്പെടും.
ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ നോപ്പാളിനെ 238 റൺസിനാണ് പാക് പട തകർത്തത്. ബാറ്റിങ്ങാണ് ബാബർ അസമിന്റെയും സംഘത്തിന്റെയും കരുത്ത്. മുഹമ്മദ് റിസ്വാന്റെ ഫോമും കളിയിൽ പാകിസ്താന് തുണയാകും. ഷാഹിൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് പേസ് സഖ്യത്തെ മറകടക്കുക എന്നതാണ് ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി.