ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട താരങ്ങളാണ് നായകൻ രോഹിത് ശർമയും വിരാട് കോലിയും. ഇപ്പോൾ ഇരുവരുടെയും നായകപദം സംബന്ധിച്ച ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ് ബിസിസിഐ തലവനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. കോലിയെ മാറ്റി രോഹിത്തിനെ ക്യാപ്റ്റനാക്കിയതിന് പിന്നിൽ ഐപിഎല്‍ കിരീടനേട്ടവുമുണ്ടായിരുന്നു എന്നാണ് ഗാംഗുലി തുറന്നുപറഞ്ഞത്.
“ഐപിഎൽ ടൂർണമെൻ്റിൽ ഉൾപ്പെടെ രോഹിത്തിൻ്റെ ക്യാപ്റ്റൻസി മികവ് പ്രകടമായിരുന്നു. അഞ്ച് തവണ മുംബൈ ഇന്ത്യൻസിനെ കിരീടനേട്ടത്തിലേക്ക് എത്തിച്ച രോഹിത്തിൻ്റെ പ്രകടനം അദ്ദേഹത്തെ നായകനാക്കാനുള്ള തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ രോഹിത്തിനായി. ഫൈനലിൽ തോറ്റെങ്കിലും അതുവരെയുള്ള മുഴുവൻ മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ മുന്നേറിയത്. ടൂർണമെൻ്റിലെ മികച്ച ടീമും ഇന്ത്യയായിരുന്നു” എന്നാണ് ഗാംഗുലി പറഞ്ഞത്.
2022-ൽ കോലി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് രോഹിത് ശർമയെ സീനിയർ ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റനാക്കിയത്. അന്നത്തെ ബിസിസിഐ തലവനായ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുമായി കോലിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു നായകപദവിയിലെ ഈ മാറ്റം. രോഹിത്തിന് കീഴിൽ നിരവധി നേട്ടങ്ങൾ ഇതിനോടകം സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്‌റ്റ് പരമ്പരയും വിജയിച്ചിരുന്നു. ഇന്ത്യൻ മണ്ണിലെ തുടർച്ചയായ 17-ാം ടെസ്‌റ്റ് പരമ്പര ജയമാണിത്.