ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്ത് നിന്ന് ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിലെ മോശം പ്രകടനത്തേത്തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനാണ് സ്റ്റിമാച്ചിനെ പുറത്താക്കിയത്. 2026 ഫിഫ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ മൂന്നാം റൗണ്ടിലേക്ക് കടക്കാൻ ഇന്ത്യയ്ക്ക് സാധിക്കാതെ വന്നതോടെയാണ് നടപടി.
2019 മുതൽ ഇന്ത്യൻ ടീമിന്റെ പരിശീലകനാണ് ഇഗോർ സ്റ്റിമാച്ച്. 2026 ജൂൺ വരെയാണ് സിമാച്ചും എഐഎഫ്എഫും തമ്മിൽ കരാറുള്ളത്. എന്നാൽ കാലാവധിക്ക് മുമ്പ് പുറത്താക്കൽ നടപടി സ്വീകരിച്ചതിനാൽ മൂന്ന് മാസത്തെ ശമ്പളവും വാങ്ങി സ്ഥാനം ഒഴിയാനാണ് ഫെഡറേഷൻ നിർദേശിച്ചിരിക്കുന്നത്.
അതേസമയം, ഇന്ത്യ മൂന്നാം റൗണ്ടിലേയ്ക്ക് കടന്നില്ലെങ്കിൽ സ്ഥാനം ഒഴിയുമെന്ന് സ്റ്റിമാച്ച് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ പുറത്തായതിന് പുറമെ 2027 ഏഷ്യൻ കപ്പ് ഫുട്‌ബോളിന് നേരിട്ട് യോഗ്യത നേടാനുള്ള അവസരവും ഇന്ത്യയ്ക്ക് നഷ്‌ടമായി.