അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് മത്സരിക്കാൻ ക്ഷണിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാൻ. അർജന്റീന ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം അറിയിച്ചിരുന്നു. എന്നാൽ കയ്യിൽ കാശില്ലെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അതിൽ നിന്നും പിൻമാറി. ഇതിന് പിന്നാലെയാണ് അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റിന് മന്ത്രി കത്തയച്ചത്. കത്തിന്റെ പകർപ്പും വിശദമായ കുറിപ്പും മന്ത്രി തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
കുറിപ്പിലെ പ്രധാന ഭാഗങ്ങൾ
മൂന്ന് മാസം മുൻപ് അർജന്റീന ഫുട്ബോൾ ടീം ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ച വാർത്ത ഇപ്പോഴാണ് പുറത്ത് വരുന്നത്. എന്നാൽ അർജന്റീനയുടെ ഈ ആവശ്യം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നിരാകരിക്കുകയായിരുന്നു. മത്സരത്തിനുള്ള ചെലവ് താങ്ങാൻ കഴിയില്ല എന്ന് കാരണം കാട്ടിയായിരുന്നു പിന്മാറ്റം. അതേസമയം റാങ്കിങ്ങിൽ പിന്നിലുള്ള ഇന്ത്യ അർജന്റീനയോടു കളിച്ചാൽ തോൽവിയിരിക്കുമോ ഫലം എന്ന ആശങ്കയും എഐഎഫ്എഫ് പങ്കുവെച്ചതായി അറിയുന്നു. എന്നാൽ ലോകത്തെ മുൻനിര രാജ്യങ്ങൾ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്.
ജൂൺ 10 നും 20 നും ഇടയിലാണ് അർജന്റീന ഇന്ത്യയിലും ബംഗ്ലാദേശിലുമായി കളിക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ ഈ രണ്ടു കൂട്ടരും മത്സരത്തിന് തയാറായില്ല. തുടർന്ന് ചൈനയും ഇന്തോനീഷ്യയും ഈ അവസരം മുതലാക്കുകയും ചെയ്തു. രണ്ടിടത്തും നല്ല നിലയിൽ കളി പൂർത്തിയാക്കുകയും ചെയ്തു. ലോകകപ്പിൽ തങ്ങൾക്കു ലഭിച്ച അതിഗംഭീര പിന്തുണയ്ക്ക് പകരം മെസിയും സംഘവും നൽകുന്ന സമ്മാനമായിരുന്നു ഈ സൗഹൃദ മത്സരം. ഇന്ത്യൻ ഫുട്ബോളിന് അത് പകരുന്ന ഉത്തേജനത്തിന്റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവർണാവസരമാണ് ഇന്ത്യ വേണ്ടെന്ന് വച്ചത്.
2011ൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ടീം കൊൽക്കത്തയിൽ കളിച്ചിട്ടുണ്ട്. അർജന്റീന – വെനസ്വേല മത്സരം കാണാൻ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ എൺപത്തയ്യായിരം പേരായിരുന്നു അന്ന് മത്സരം കാണാൻ എത്തിയത്. ഇത്തവണയും കളിച്ചിരുന്നെങ്കിൽ കാണികൾ അതിനേക്കാൾ കൂടുമെന്ന് ഉറപ്പായിരുന്നു. കൂടാതെ 1984 ലെ നെഹ്റു കപ്പിൽ അർജന്റീന അവസാന നിമിഷ ഗോളിൽ ഇന്ത്യയെ കീഴടക്കിയ (1-0) ചരിത്രവുമുണ്ട്. മെസ്സിയും കൂട്ടരും വരുമെന്ന് അറിഞ്ഞാൽ സ്പോൺസർമാരുടെ വലിയൊരു ക്യൂ തന്നെ ഉണ്ടാകുമെന്നതിൽ സംശയമില്ല. പണത്തിനുമപ്പുറം നമ്മുടെ ഫുട്ബോളിനുള്ള ഗുണഫലം ആരും കാണാൻ തയാറായില്ല എന്നതാണ് സത്യം. അർജന്റീനയെ കേരളം എന്നും ഹൃദയപൂർവ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും കേരളം തയാറാകുമെന്ന് ഉറപ്പ്. അത് തന്നെയാണ് നമ്മുടെ ഫുട്ബോളിനു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം.